പ്രകൃതി ഒരു മാറ്റത്തിനു തയ്യാറെടുക്കുകയാണ്. കനത്ത ചൂടിൽ നിന്നും മഴയുടെ തണുപ്പിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. ഏറെക്കുറെ വേനൽ മഴ കനത്തുതുടങ്ങിയിരിക്കുന്നു. ചൂടിൽ നിന്നും തണുപ്പിലേക്ക് ഉള്ള കാലാവസ്ഥ മാറ്റം നമ്മുടെ ശരീരത്തെ വല്ലാതെ സ്വാധീനിച്ചേക്കാം. മഴക്കാല രോഗങ്ങൾ ഇതിനോടകം കേരളത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തു തുടങ്ങി.
എന്തൊക്കെയാണ് മഴക്കാല രോഗങ്ങൾ? വായുവിലൂടെ പകരുന്ന രോഗങ്ങളായ വൈറൽ പനി, ജന്തുക്കളിലൂടെ പകരുന്ന രോഗമായ എലിപ്പനി, കൊതുകുകൾ പരത്തുന്ന രോഗങ്ങളായ ഡെങ്കിപനി, ജപ്പാൻ ജ്വരം, ചിക്കൻഗുനിയ, മലേറിയ. ജലസ്രോതസുകളിലൂടെ പകരുന്ന രോഗങ്ങളായ വയറിളക്ക രോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയെയാണ് നമ്മൾ മഴക്കാല രോഗങ്ങൾ എന്ന് വിളിക്കുന്നത്. ഈ രോഗങ്ങൾ എല്ലാ കാലത്തും കാണപ്പെടുന്നവ ആണെങ്കിലും മഴക്കാലത്തു ഇവയുടെ തോത് വളരെ കൂടുതലാണ് അതുകൊണ്ടാണ് നമ്മൾ ഇങ്ങനെയുള്ള രോഗങ്ങളെ മഴക്കാല രോഗങ്ങൾ എന്ന് വിളിക്കുന്നത്.
എന്തുകൊണ്ട് മഴക്കാലരോഗങ്ങൾ വളരെ വേഗം പടർന്നു പിടിക്കുന്നു? ഈ കാലത്തു നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുകയും നമ്മൾ വേഗം രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി നിലനിർത്തുക എന്നതാണ് ഈ മഴക്കാലത്തു നമ്മുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിർത്താൻ ഹോമിയോപ്പതി മരുന്നുകൾ സഹായിക്കുന്നു. മഴക്കാലരോഗങ്ങൾ പ്രതിരോധിക്കുന്നതിനും കുറയ്ക്കുന്നതിനും ഹോമിയോപ്പതി വലിയ ഒരു പങ്കു വഹിക്കുന്നു. രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കണക്കിലെടുത്താണ് സാധാരണ ഹോമിയോ ചികിത്സ നടത്തുന്നത് അതിനാൽ തന്നെ രോഗപ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിനും ഉയർത്തുന്നതിനും ഹോമിയോ മരുന്നുകൾ സഹായകമാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലി തുടരുന്നതിലൂടെയും നമുക്ക് ഇവ നിലനിർത്താൻ സാധിക്കുന്നു.
വൈറൽ പനി
ജലദോഷം, മൂക്കൊലിപ്പ്, തുടർച്ചയായിട്ടുള്ള തുമ്മൽ, തലവേദന, ഇടവിട്ടുള്ള തൊണ്ടവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പ്രായഭേദമന്യേ എല്ലാവർക്കും ഇവ കാണപ്പെടുന്നു. രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് പടരുന്ന രോഗമായതിനാൽ രോഗിയുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. 4 ദിവസം മുതൽ ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന ഈ പനി സാധാരണ ഗതിയിൽ തനിയെ ഭേദമാകും. എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ, കുട്ടികൾ, പ്രായമായവർ, സ്ഥിരമായി ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ എന്നിവരിൽ ഇവ സങ്കീർണതകൾ സൃഷ്ടിച്ചേക്കാം. വായുവിൽ കൂടെ പകരുന്ന രോഗമായതിനാൽ രോഗിയുമായി കഴിയുന്നത്ര അകലം പാലിക്കുന്നതാണ് ഉത്തമം. ഉപ്പുവെള്ളം വായിൽ കൊള്ളുക, ചൂട് വെള്ളം കുടിക്കുക, ആവിപിടിക്കുക എന്നിവയാണ് നമ്മുക്ക് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ. രോഗം മൂർച്ഛിച്ചാൽ ഒരു ഡോക്ടറുടെ സഹായം തേടുക. രോഗിയുടെ ലക്ഷണങ്ങൾ അനുസരിച്ചാണ് ഹോമിയോപ്പതി മരുന്നുകൾ നിശ്ചയിക്കുന്നത്. Aconite, Belladonna, Bryonia, Rhus tox പോലുള്ളവയാണ് സാധാരണയായി ഉപയോഗിക്കുന്ന ഹോമിയോ മരുന്നുകൾ.
ഡെങ്കിപനി
കൊതുകുകൾ പരത്തുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ് ഡെങ്കിപ്പനി. പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ ശരീര വേദന, തലവേദന, ക്ഷീണം, തൊലിപ്പുറമെയുള്ള ചുവപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വൈറൽ പനിയിൽ നിന്നും വ്യത്യസ്തമായി ജലദോഷം ഇല്ലാതെയാണ് ഡെങ്കിപ്പനി തുടങ്ങുന്നത്. 102 മുതൽ 105 ഡിഗ്രി വരെ പനി ഉയരാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ വിദഗ്ധമായ ചികിത്സ രോഗിക്ക് ആവശ്യമാണ്. ഇവ നിയന്ത്രിക്കാൻ നമ്മൾ പരമാവധി കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക. ആവശ്യമെങ്കിൽ കൊതുകുകടി ഏൽക്കാതെ ഇരിക്കാൻ ഉള്ള ലേപനങ്ങൾ ഉപയോഗിക്കുക. കൈകളും കാലുകളും മൂടുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നതു കൊതുകുകടിയിൽ നിന്നും രക്ഷനേടാൻ ഉത്തമമാണ്. മഴ തുടങ്ങുന്ന ഈ കാലത്തു തന്നെ നമ്മുടെ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കൊതുകിന്റെ പ്രജനനം പരമാവധി നിയന്ത്രിക്കുക. ഡെങ്കിപ്പനി പരത്തുന്ന ഈ വിഭാഗം കൊതുകുകൾ പ്രധാനമായും പകൽ സമയത്താണ് മനുഷ്യരെ കടിക്കാൻ സാധ്യത. ഹോമിയോപ്പതി ചികിത്സ രോഗിയുടെ ലക്ഷങ്ങളുടെ അടിസ്ഥാനത്തിലാണ്. Eupatorium perfoliatum, Echinacea angustifolia എന്നിവയാണ് പ്രധാനമായി ഉപയോഗിക്കുന്ന ഹോമിയോ മരുന്നുകൾ. പ്രതിരോധമരുന്നും ഹോമിയോപ്പതിയിൽ ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് A ഉം E ആണ് കൂടുതലായി കണ്ടുവരുന്നത്. മലിനമാക്കപ്പെട്ട ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഈ രോഗാണു നമ്മുടെ ശരീരത്തിൽ എത്തുന്നത്. പനി, കഠിനമായ ക്ഷീണം, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം, ശർദി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുടിവെള്ളം ശുദ്ധമായതു ഉപയോഗിക്കാൻ ശ്രദ്ധിക്കുക, ഭക്ഷണ പദാർത്ഥങ്ങൾ മൂടിവെക്കാനും വൃത്തിയുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാനും, ശരിയായി പാകം ചെയ്തു കഴിക്കാനും ശ്രദ്ധിക്കുക. രോഗിയുടെ അവസ്ഥ അനുസരിച്ചു Chellidonium, Thuja പോലുള്ള മരുന്നുകളാണ് ഹോമിയോപ്പതി ഉപയോഗിക്കുന്നത്.
ഇവയെ കൂടാതെ മറ്റു പല അസുഖങ്ങളും മഴക്കാലത്തു കൂടുതലായി കണ്ടുവരാറുണ്ട്. ആസ്തമയും അതുപോലെ മറ്റു പല ശ്വസനേന്ദ്രിയ സംബന്ധമായ രോഗങ്ങളും, ത്വക്ക് സംബന്ധമായ രോഗങ്ങളും, വാതസംബന്ധമായ രോഗങ്ങളും, മഴയത്തും വെള്ളത്തിലും വീഴുന്നത് മൂലമുണ്ടാകുന്ന ഉളുക്ക് പോലെയുള്ള അവസ്ഥകളും ഈ മഴക്കാലത്തു സ്ഥിരം കാഴ്ചയാണ്. രോഗിയുടെ ശാരീരിക അവസ്ഥകളെയും മാനസിക അവസ്ഥകളെയും പരിശോധിച്ചാണ് ഹോമിയോപ്പതി ചികിത്സ നടത്തുന്നത്. ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രം മരുന്നുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മഴക്കാലത്തു ഇവ കൂടെ ഓർമയിൽവെക്കുക.
1. ഭക്ഷണം കഴിക്കുന്നതിനു മുൻപും, ശേഷവും കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തുപോയി വന്ന ഉടൻ തന്നെ കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
2. ശരിയായി ഉണങ്ങിയതും, വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കുക. മഴക്കാലം ആയതിനാൽ കൂടുതലായി ഒരു വസ്ത്രം കൂടെ എപ്പോഴും കയ്യിലോ അല്ലെങ്കിൽ ഓഫീസിലോ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
3. മിതമായ ഭക്ഷണക്രമം ശീലമാക്കുക. ശരിയായി പാകം ചെയ്തും, ചൂടോടു കൂടിയും ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
4. ശുദ്ധമായ വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുക. മഴക്കാലം ആണെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
5. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകിന്റെ പ്രജനനത്തിന് സഹായകമായ രീതിയിൽ വീട്ടിലും പരിസരത്തും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കുക. കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനും വീടും പരിസരവും വൃത്തിയാക്കാനും ഈ ദിവസം ഉപയോഗിക്കുക.
6. മഴവെള്ളത്തിലൂടെയും കെട്ടികിടക്കുന്ന വെള്ളത്തിലൂടെയും നടക്കുന്നത് പരമാവധി ഒഴിവാക്കുക. ഫങ്കൽ(fungal) ഇൻഫെക്ഷൻ പോലുള്ളവ ഒരു പരിധിവരെ തടയാൻ ഇവ സഹായിക്കും. വെള്ളത്തിൽ നടന്നുവന്നാൽ ഉടൻ തന്നെ ശുദ്ധമായ വെള്ളം ഉപയോഗിച്ച് കാലുകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
7. കയ്യിലോ കാലിലോ മുറിവ് ഉള്ളവർ പുറത്തേക്കു ഇറങ്ങുകയോ, കൈകൾ കൊണ്ട് മണ്ണിലോ മറ്റോ പണി എടുക്കുകയും ചെയ്യുമ്പോൾ ചെരുപ്പ്, കൈയുറ പോലുള്ളവ ഉപയോഗിക്കുക.
8. ആസ്ത്മ പോലെയുള്ള അസുഖം ഉള്ളവർ മഴക്കാലത്തു കൂടുതൽ ശ്രദ്ധിക്കുകയും മരുന്നുകൾ ശരിയായി കഴിക്കുകയും ചെയ്യുക. തണുപ്പ് ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.
9. മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ നിർദ്ദേശിക്കുന്ന പ്രതിരോധമരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക.
10. സ്വയചികിത്സ ഒഴിവാക്കുക. ഏതു ചികിത്സ രീതി ആണെങ്കിലും ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രം മരുന്നുകൾ ഉപയോഗിക്കുക.
1 comments
👏👏👏👍
ReplyDelete