നിങ്ങൾ ഇതുവരെ ഹോമിയോ പ്രതിരോധ മരുന്നെടുത്തില്ലേ?


ഇന്നലെ വൈകുന്നേരം ഒരു ഫോൺ കാൾ വന്നു. ക്വാറന്റൈൻ കിടക്കുന്ന എനിക്കും കെട്ടിയോനും പരിചയമില്ലാത്ത ഫോൺ കാൾകളുടെ പള്ളിപെരുനാളാണിപ്പോൾ പഞ്ചായത്തിൽനിന്നും ഹെൽത്തിൽനിന്നും ഒക്കെയായിട്ടു. ഇതുവരെ കുഴപ്പമൊന്നുമില്ല എന്തേലും ഉണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെക്കാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു കാൾ അറ്റൻഡ് ചെയ്തു. മറുപുറത്തുനിന്നും പരിചിതമായ ഒരു ശബ്ദം പക്ഷെ ആരാണെന്നു അങ്ങ് പിടികിട്ടുന്നില്ല. ഡോക്ടറെ ഡോക്ടറെ എന്ന് വിളിച്ചാണ് കക്ഷിയുടെ സംസാരം. തോൽവി സമ്മതിച്ചു ആരാണെന്നു ചോദിച്ചു. ബാല്യകാലത്തിന്റെ പകുതിയും എന്നെ അള്ളിപ്പിടിച്ചു കിടന്നിരുന്ന ഒരു ഉടുമ്പാണ് വിളിച്ചിരിക്കുന്നത്. അതും കേരളത്തിന്റെ അങ്ങേയറ്റത്ത് നിന്നും. കളികൂട്ടുകാരി എന്നും പറയാം. സംശയ ദൂരീകരണമാണ് ഉദ്ദേശമെന്ന് ആദ്യത്തെ ഡോക്ടർ വിളിയിൽ തന്നെ മനസിലായി. ഹോമിയോപ്പതി പ്രതിരോധം എടുക്കണോ വേണ്ടയോ അതാണ് കാര്യം. കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. അവസാനം നീ എനിക്ക് ആ മരുന്നിന്റെ കുറിപ്പടി ഒന്ന് അയച്ചു തരണേ എന്ന് പറഞ്ഞു അവൾ  ഫോൺ വെച്ചു. തമാശക്ക് ഡോക്ടർ ഫീസ് തരണം എന്ന് ഞാൻ പറഞ്ഞതാണെങ്കിലും അവൾ  അതും അയച്ചു തന്നു.

കോറോണകാലത്തോടനുബന്ധിച്ചു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ഹോമിയോ പ്രതിരോധ മരുന്നുകൾ. പ്രതിരോധ മരുന്നുകൾ എന്താണെന്നും അവ ഫലപ്രദമാണോ എന്നും മനസ്സിലാകണം എങ്കിൽ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രത്തെക്കുറിച്ചു ചുരുക്കം ചില കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം. ഹോമിയോപ്പതിയിൽ ഓരോ  മരുന്നിനും അതിന്റെതായ ഒരു drug picture ഉണ്ട് അതായതു ഒന്ന് മറ്റൊന്നിൽ നിന്നും വേർതിരിക്കുന്ന രീതയിൽ ഓരോ മരുന്നിനും അതിന്റെതായ രോഗലക്ഷണങ്ങൾ ഉണ്ട്. ഏതെങ്കിലും ഒരു അസുഖവുമായി വരുന്ന രോഗിയിൽ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ മുകളിൽ പറഞ്ഞ പോലെ ഏതു മരുന്നുമായി സാമ്യം ഉള്ളതാണോ അതാണ് ആ രോഗിക്ക് ആവശ്യമായ മരുന്ന്. ഇനി അതല്ല, ആ മരുന്ന് രോഗിയുടെ ലക്ഷണങ്ങളുമായി ചേരുന്നതല്ലെങ്കിൽ അവ കൊണ്ട് പ്രയോജനം ഒന്നും  ഉണ്ടാകില്ല. സമം സമം കൊണ്ട് ഭേദപ്പെടുന്നു( similia similibus curentur ) എന്നതാണ് ഹോമിയോപതിയുടെ അടിസ്ഥാന സിദ്ധാന്തവും . രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കണക്കിലെടുത്താണ് ഹോമിയോ ചികിത്സ നടത്തുന്നത്. ഈ പറഞ്ഞ മരുന്നുകൾ എല്ലാം തന്നെ മൃഗങ്ങളിലും മനുഷ്യരിലും കൊടുത്തു പരീക്ഷിച്ചിട്ടുള്ളവയാണ്. അതുകൊണ്ടു തന്നെ കൊറോണ എന്നല്ല വേറെ എന്ത് തരം അസുഖങ്ങൾ വന്നാലും അതുമായി ചേരുന്ന ഒരു Drug Picture ഹോമിയോപ്പതിയിൽ ഉണ്ടെങ്കിൽ പുതിയൊരു മരുന്ന് വികസിപ്പിച്ചെടുക്കുന്നവരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

ഇനി കൊറോണ പോലെയുള്ള പകർച്ചവ്യാധികളെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ഇവയെപ്പറ്റി ഹോമിയോപതിയുടെ പിതാവ് ഡോക്ടർ സാമുവേൽ ഹാനിമാൻ വളരെ വ്യക്തമായി തന്റെ കൃതികളിൽ പറയുന്നുണ്ട്‌. ഇവയെ  Genus epidemicus എന്നാണ് പറയുന്നത്. പകർച്ചവ്യാധികൾ ഒരുപാടു ആളുകളിലേക്ക്‌ പകരുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതലായി അല്ലെങ്കിൽ പൊതുവായി കണ്ടുവരുന്ന രോഗലക്ഷണങ്ങളെ കൂട്ടിച്ചേർത്തു ഒരു symptom totality ഉണ്ടാക്കുകയും അതിനു യോജിക്കുന്ന ഒരു മരുന്ന് തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന മരുന്ന് രോഗം പിടിപെടാത്ത വിഭാഗം ആളുകൾക്ക് ആ രോഗത്തിന് എതിരെയുള്ള പ്രതിരോധമരുന്നായി കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഹോമിയോപ്പതിയിൽ പകർച്ചവ്യാധികൾക്കു പ്രതിരോധമരുന്ന് കണ്ടുപിടിക്കുന്നത്.
മുകളിൽ പറഞ്ഞ രീതിയിലൂടെയാണ് ഇപ്പോൾ നമ്മുക്കിടയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത്. കോവിഡ് 19 ന്റെ രോഗലക്ഷങ്ങളുമായി Arsenicum Album എന്ന മരുന്ന് ഏറെ സാമ്യമുള്ളതാണ്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹോമിയോ മരുന്നുകൾ സഹായകരമാണ്. മരുന്നെടുക്കുന്നു എന്നതുകൊണ്ട് മാത്രമായില്ല ഈ രോഗങ്ങൾക്കെതിരെ നമ്മൾ ശീലിച്ചു വരുന്ന നല്ല ശീലങ്ങൾ മുൻപോട്ടും തുടരണം. ഒരു വൈദ്യശാസ്ത്രം മുഴുവൻ വിശ്വസിക്കുകയും ഉറപ്പിച്ചു പറയുകയും ചെയ്യുമ്പോൾ എങ്കിലും നമ്മുക്ക് വിശ്വസിച്ചു കൂടെ ഈ മരുന്നുകളെ? കേരള സർക്കാർ ഇമ്മ്യൂൺ ബൂസ്റ്റർ ആയും പ്രതിരോധ മരുന്നായും ഇവ വിതരണം ചെയ്യാൻ അനുവദിക്കുകയും ചെയ്തു . എന്തെങ്കിലുമൊരു പ്രതിവിധിക്കായി ലോകം മുഴുവൻ
നെട്ടോട്ടമോടുകയാണ് ഇതുവരെ ഫലപ്രദമായ ചികിത്സകൾ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല, വാക്‌സിനുവേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും ഇങ്ങനെയൊരു അവസരത്തിലെങ്കിലും ഹോമിയോപ്പതി പരീക്ഷിച്ചു നോക്കി കൂടെ? ഈ പകർച്ചവ്യാധിക്കെതിരെ ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദമല്ലേ എന്തെങ്കിലും ചെയ്യുന്നത്. ഏതു സാഹചര്യത്തിലും ഒരു ഹോമിയോപ്പതി ഡോക്ടറുടെ സഹായത്തോടെ മാത്രം മരുന്നുകൾ എടുക്കാൻ ശ്രദ്ധിക്കുക.

1 comments