കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടക്കാൻ സ്വകാര്യവാഹനങ്ങളോ, പ്രൈവറ്റ് വാഹനങ്ങൾ വാടകയ്ക്ക് എടുത്തോ നമ്മുക്ക് ഉപയോഗിക്കാം. ഞങ്ങളെക്കൂടാതെ 2 ഫാമിലി കൂടെയുണ്ടായിരുന്നതിനാലും കൂടെയുള്ള 2 കുട്ടികൾ 1 വയസിനു താഴെ ഉള്ളവർ ആയിരുന്നതിനാലും ഞങ്ങൾ ഒരു ട്രാവലർ ആണ് യാത്രക്ക് തെരഞ്ഞെടുത്തത്. കൊറോണ കാലമായതിനാൽ തന്നെ ഒരു വണ്ടിയിൽ യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണത്തിൽ സർക്കാർ ചില നിബന്ധനകൾ വരുത്തിയിട്ടുണ്ട്. ഡ്രൈവർ അടക്കം 18 ആൾക്കാർക്ക് യാത്ര ചെയ്യാവുന്ന ഞങ്ങളുടെ വണ്ടിയിൽ 10 പേർക്കാണ് യാത്രാനുമതി ഉണ്ടായിരുന്നത്. അന്തർസംസ്ഥാന യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രധാനപെട്ടതുമായ കാര്യങ്ങളിൽ ഒന്നാണ് ഇതുപോലെയുള്ള പ്രൈവറ്റ് വാഹനങ്ങളുടെ തിരഞ്ഞെടുക്കൽ. ഒരുപാടു വാഹനങ്ങൾ ഇപ്പോൾ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും യാത്രക്ക് ലഭ്യമാണ്. എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം
1. വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ യാത്രാനുമതി ഉള്ളവയാണെന്നു ഉറപ്പുവരുത്തുക. ഡ്രൈവർ സംസ്ഥാനാന്തര യാത്രക്ക് പാസ് എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചറിയുക.
2 . യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വണ്ടിയുടെ നമ്പറും ഡ്രൈവറുടെ മൊബൈൽ നമ്പറും വണ്ടി ബുക്ക് ചെയ്യുമ്പോൾ തന്നെ വാങ്ങി സൂക്ഷിക്കുക. യാത്രാവിശ്യമായ പാസ്സിനോ അല്ലെങ്കിൽ രജിസ്ട്രേഷനോ വണ്ടി നമ്പർ ആവശ്യമായി വരും.
3 . വണ്ടി കേരളത്തിൽ നിന്നും വരുന്നതാണെങ്കിൽ കേരള സർക്കാർ നിബന്ധനകൾ അനുസരിച്ചു അണുവിമുക്തമാക്കിയതാണെന്നും ഇനി അതല്ല കർണാടകത്തിൽ നിന്നുള്ള വണ്ടി ആണെങ്കിൽ കർണാടക സർക്കാരിന്റെ നിബന്ധനകൾ അനുസരിച്ചു അണുവിമുക്തമാക്കിയതാണെന്നും ഉറപ്പുവരുത്തുക.
4 . സർക്കാർ നിബന്ധനകളിൽ വാഹനത്തോടൊപ്പം ഒരു ഡ്രൈവർ മാത്രമാണ് അനുവദിച്ചിരിക്കുന്നത് അതിനാൽ തന്നെ വണ്ടി എപ്പോൾ പുറപ്പെട്ടതാണെന്നും, ഡ്രൈവർ അവസാനം എന്നാണ് യാത്ര പോയതെന്നും ചോദിച്ചറിയുക. ശരിയായ ഉറക്കവും വിശ്രമവും ഡ്രൈവർക്കു ലഭിച്ചിട്ടുണ്ടോ എന്നറിയാൻ ഇവ ഉപകാരപ്പെടും.
5 .നമ്മൾ ഇവിടെ നിന്ന് യാത്ര തിരിക്കുന്നുവോ അവിടെ വന്നു നമ്മളെ കയറ്റുവാനും വീട് വരെ കൊണ്ടുവിടാനും ഡ്രൈവറോട് ആവശ്യപ്പെടുന്നതാണ് ഈ സാഹചര്യത്തിൽ ഉചിതം.
അന്തർസംസ്ഥാന യാത്രക്ക് പാസുകൾ വേണ്ട എന്ന നിയമം വന്നെങ്കിലും സുരക്ഷയെ കരുതി ഞങ്ങൾ എല്ലാരും കേരള പാസും തമിഴ്നാട് പാസും അപേക്ഷിച്ചിരുന്നു. കോവിഡ് 19 ജാഗ്രത എന്ന കേരള സർക്കാരിന്റെ വെബ്സൈറ്റ് വഴിയും ടി ൻ ഇപാസ്(TN ePass ) എന്ന തമിഴ്‌നാടിൻറെ വെബ്സൈറ്റ് വഴിയുമാണ് ഞങ്ങൾ രജിസ്റ്റർ ചെയ്തത് (https://covid19jagratha.kerala.nic.in/home/addDomestic ,https://tnepass.tnega.org/#/user/pass ). ഏറെ ശ്രദ്ധയോടുകൂടെ നമ്മൾ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിനാലും, യാത്ര ചെയ്യുന്ന അവസരത്തിൽ സമയ നഷ്ടം ഉണ്ടാകാതെ ഇരിക്കേണ്ടതിനും ഇതുപോലെയുള്ള കാര്യങ്ങൾ മുൻകൂട്ടി ചെയ്യുന്നതാണ് നല്ലത്. വാളയാർ ചെക്ക്പോസ്റിലെ കാര്യങ്ങൾ എങ്ങനെ ആണെന്നതാണ് യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളുടെയും സംശയം. യാത്ര ചെയ്യുന്ന അവസരത്തിൽ ഇതുപോലെയുള്ള ഒരുപാടു കാര്യങ്ങൾ ഞങ്ങളെയും ആകുലപ്പെടുത്തിയിരുന്നു. ചെക്‌പോസ്റ്റിൽ പ്രവർത്തന സമയം ഉണ്ടെന്നു കേട്ടറിഞ്ഞതിനാൽ ഞങ്ങൾ ബാംഗ്ലൂർ നിന്നും ഉച്ചക്ക് 12 മണിയോടടുത്തു യാത്ര തിരിച്ചു. ഈയൊരു പ്രതേകസാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ ഭക്ഷണവും വെള്ളവും പോലെയുള്ള അത്യാവശ്യ സാധനങ്ങൾ കൈയിൽ കരുതുന്നതാണ് നല്ലത്. വഴിനീളെ നല്ല മഴകിട്ടിയതിനാലും, വാഹനങ്ങളുടെ തിരക്ക് മൂലവും ഏകദേശം 8 മണിയോട് അടുത്താണ് ഞങ്ങൾ വാളയാർ എത്തുന്നത്. തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുന്ന അവസരത്തിൽ പല ചെക്ക്പോസ്റ്റുകളിലും രണ്ടു സംസ്ഥാനങ്ങളുടെയും യാത്ര പാസ് കാണിക്കേണ്ടതായി വന്നതുകൊണ്ട് തന്നെ ഈ പാസുകൾ ഒക്കെ എടുത്തു വയ്ക്കുന്നതാണ് ഉത്തമം. യാത്ര ചെയ്യുമ്പോൾ ഈ പാസ്സ്‌കളുടെ പ്രിന്റ് ഔട്ട് കൈയിൽ കരുതാൻ ശ്രദ്ധിക്കണം. വാളയാർ ഒഴികെയുള്ള ചെക്ക്പോസ്റ്റുകളിലെല്ലാം തന്നെ വണ്ടിയിലുള്ള ആരെങ്കിലും ഒരാൾ മാത്രം ഇറങ്ങി പാസുകൾ കാണിച്ചാൽ മതിയാകും, ഏതെങ്കിലും പ്രതേക സാഹചര്യത്തിൽ അവർ ആവശ്യപ്പെട്ടാൽ മാത്രം എല്ലാരും ഇറങ്ങേണ്ടതായി വരും. മാസ്കുകൾ നിർബന്ധമായും ധരിച്ചിരിക്കണം. വാളയാർ ചെക്‌പോസ്റ്റിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
1 . ഞങ്ങൾ മനസിലാക്കിയത് അനുസരിച്ചു രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെയാണ് വാളയാർ ചെക്‌പോസ്റ്റിൽ പാസുകൾ പരിശോധിച്ചു ആളുകളെ കടത്തി വിടുന്നത്. ചെക്‌പോസ്റ്റിൽ സമയത്തു എത്തുന്നതനുസരിച്ചു യാത്ര പുറപ്പെടുന്ന സമയം നിശ്ചയിക്കുക.
2 . ദിവസേന ഒരുപാടു ആളുകൾ വന്നുപോകുന്ന സ്ഥലം ആയതിനാൽ തന്നെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിക്കാൻ ശ്രദ്ധിക്കുക. പരിശോധനക്കായി ഇറങ്ങുന്ന സമയം നിർബന്ധമായും മാസ്കും കൈയുറയും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
3 . ചെക്‌പോസ്റ്റിൽ ഉപയോഗിച്ച മാസ്ക്, gloves പോലുള്ളവ പരമാവധി അവിടെ തന്നെ സ്ഥാപിച്ചിരിക്കുന്ന മെഡിക്കൽ മാലിന്യം നിക്ഷേപിക്കുന്ന മഞ്ഞ ബാഗിലോ അല്ലെങ്കിൽ ഖര മാലിന്യത്തോടൊപ്പമോ നിക്ഷേപിക്കുക. അലക്ഷ്യമായി ഇവ വഴിയരുകിലോ ചെക്ക്പോസ്റ്റിലോ ഉപേക്ഷിക്കാതിരിക്കുക .
4 . യാത്ര ചെയ്യുന്ന എല്ലാവരും അവിടെ ഇറങ്ങി പരിശോധനകൾക്കു വിധേയരാകേണ്ടതുള്ളതുകൊണ്ടു രോഗം വരാൻ സാധ്യതയുള്ള വിഭാഗം ആളുകൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിക്കുന്നതാണ് ഉചിതം .
ദൂരയാത്ര ചെയ്തുവരുന്നവർക്കു ഉപയോഗിക്കാനായി ടോയ്ലറ്റ് സൗകര്യങ്ങൾ വാളയാർ ചെക്‌പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വഴിയിലെവിടെയെങ്കിലും ഇറങ്ങുന്നതിനേക്കാൾ സുരക്ഷിതം ചെക്‌പോസ്റ് തന്നെയാവാം. വാളയാർ ചെക്ക്പോസ്റ്റിനു ശേഷം വടക്കാഞ്ചേരിയോടടുത്തു പോലീസിന്റെ മറ്റൊരു ചെക്‌പോസ്റ് കൂടെ കോറോണയോടനുബന്ധിച്ചു പ്രവർത്തിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന എല്ലാവരെയും വീടുകളിൽ എത്തിച്ചു ഞങ്ങൾ കോട്ടയം എത്തുമ്പോളേക്കും വെളുപ്പിനെ 3 മണിയോട് അടുത്തിരുന്നു. 14 ദിവസം റൂം ക്വാറന്റൈനും 14 ദിവസം ഹോം ക്വാറന്റൈനും ചെയ്യാനാണ് ഇപ്പോൾ വിദഗ്ധർ നിർദേശിക്കുന്നത്. എങ്ങനെ ആവണം ഹോം ക്വാറന്റൈൻ ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
1 . നമ്മൾ യാത്ര ചെയ്തു എത്തുന്നതിനു മുൻപ് തന്നെ നമ്മുക്ക് താമസിക്കാനുള്ള മുറിയും കാര്യങ്ങളും ഒരുക്കി വെക്കുന്നതാണ് നല്ലത്.
2 . വീട്ടിൽ ഉള്ളവരുമായി യാതൊരു വിധത്തിലും അടുത്ത് ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
3 .രോഗം വരാൻ സാധ്യതയുള്ള വിഭാഗം ആളുകൾ വീട്ടിൽ ഉണ്ടെങ്കിൽ അവർക്കു പ്രതേക ശ്രദ്ധ കൊടുക്കുക.
4 . ക്വാറന്റൈൻ കാലത്തു നമ്മൾ ഉപയോഗിക്കുന്ന തുണികളോ മറ്റു സാധനങ്ങളോ മറ്റാരും തൊടാതെ ശ്രദ്ധിക്കുക.
5 .രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉതകുന്ന ആഹാരക്രമം ശീലമാക്കുക.
നമ്മിലൂടെ മറ്റൊരാൾക്കു രോഗം വരാതെ ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. ഈ കൊറോണ കാലത്തും ആകുലതകളില്ലാതെ യാത്ര ചെയ്യാം സുരക്ഷിതരായി നന്മയുള്ള നമ്മുടെ നാട്ടിലേക്കെത്താം.
0 comments