കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ വിറ്റാമിൻ ഡിയെപ്പറ്റി കൂടുതൽ ആയി കേൾക്കുന്നു. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു ഫാറ്റ് സോലുബിൾ വിറ്റാമിൻ ആണ് വിറ്റാമിൻ ഡി അതുപോലെ തന്നെ വിറ്റാമിൻ ഡി ഒരു പ്രൊ ഹോർമോൺ കൂടിയാണ്. നമ്മുടെ ശരീരത്തിലെ മറ്റു പല ഹോർമോണുകളും പ്രവർത്തിക്കാൻ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡിയും നമ്മുടെ ശരീരത്തിലെ കാൽസ്യം ആഗിരണവുമായി വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് പലർക്കും അറിവില്ല എന്നതാണ് സത്യം. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും വിറ്റാമിൻ ഡി അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ കാൽസ്യം ഉണ്ടെങ്കിലും വിറ്റാമിൻ ഡി കുറവാണെങ്കിൽ അതുകൊണ്ടു ഒരു പ്രയോജനവുമില്ല, കാരണം കാൽസ്യം നമ്മുടെ ശരീരത്തിൽ ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി കൂടിയേതീരൂ. സന്ധിഅനുബന്ധ പ്രശ്നങ്ങൾക്കും ഹോർമോൺ അനുബന്ധ പ്രശ്നങ്ങൾക്കും പുറകിൽ വില്ലനായി വിറ്റാമിൻ ഡി ഉണ്ടെന്നു കണ്ടെത്തിയിട്ടു ഏറെ നാളായില്ല. സന്ധി വേദനകൾക്കും ഓസ്റ്റിയോപോറോസിസ് അഥവാ എല്ലു തേയ്മാനം എന്ന അവസ്ഥക്കും കാരണമാകുന്നതിൽ വിറ്റാമിൻ ഡിയുടെ കുറവ് പ്രധാന കാരണമാണ്.
സൂര്യപ്രകാശം ആണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നമ്മുടെ ത്വക് ആണ് ഈ വിറ്റാമിൻ ഉല്പാദിപ്പിക്കുന്നത്. കിഡ്‌നിയുടെ പ്രവർത്തനം വഴിയാണ് ഇത് നമ്മുടെ ശരീരത്തിൽ പ്രവർത്തനക്ഷമമാകുന്നത്. ഇന്ന് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ വിറ്റാമിൻ ഡിയുടെ കുറവ് പല തരത്തിലുള്ള രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് ചർമ്മത്തിലുണ്ടാവുന്ന അലർജികൾക്കും, ചില പ്രതേക തരം ക്യാന്സറുകൾക്കും വരെ കാരണമാകാറുണ്ട്. എങ്ങനെയാണു നമ്മുക്ക് വിറ്റാമിന് ഡി ലഭിക്കുന്നത്? കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ആയതിനാൽ തന്നെ കൊഴുപ്പുള്ള മൽസ്യങ്ങൾ മത്തി, അയില പോലുള്ളവ, മുട്ട, പാൽ എന്നിവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇവ കൂടുതലായും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്. സൂര്യപ്രകാശം ഏൽക്കുന്നതു ആരോഗ്യത്തിന് നല്ലതാണെന്നു നമ്മൾ കേട്ടിട്ടുണ്ടല്ലോ, എന്നാൽ പുതിയ പഠനങ്ങൾ അനുസരിച്ചു വെയിൽ ഏൽക്കുന്നത് വഴി ചർമത്തിന് ക്യാൻസർ പോലുള്ളവ ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതിനാൽ തന്നെ വെയിൽ ഏൽക്കാൻ രോഗികളോട് നിർദ്ദേശിക്കാൻ ഡോക്ടർമാർ പോലും ഇന്ന് മടിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യം വർഷത്തിൽ ഒരിക്കൽ എങ്കിലും മറ്റു രക്തപരിശോധനകൾക്കൊപ്പം വിറ്റാമിന് ഡി പരിശോധിക്കുകയും ആവശ്യമെങ്കിൽ സപ്പ്ളെമെന്റ്സ് എടുക്കുകയും ചെയ്യുക.
ഫാറ്റ് സോലുബിൾ വിറ്റാമിനുകൾ അഥവാ കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ഡി പോലുള്ളവ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ മരുന്നുകളുടെ രൂപത്തിലോ എടുക്കുമ്പോൾ അവയുടെ മുഴുവൻ ഗുണവും നമ്മുക്ക് കിട്ടണം എങ്കിൽ അവ കൊഴുപ്പടങ്ങിയ ഭക്ഷണത്തിനോടൊപ്പം എടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇവയെ നമ്മുടെ ശരീരം ശരിയായി ആഗിരണം ചെയ്യില്ല. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രധാനപ്പെട്ട ഉറവിടം എന്നിരിക്കിലും നല്ല രീതിയിൽ സൂര്യപ്രകാശം കൊള്ളുന്നവരിൽ പോലും വിറ്റാമിൻ ഡി കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചു പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ബ്രൗൺ നിറമുള്ള നമ്മുടെ ത്വക്കിൽ വിറ്റാമിന് ഡി ആഗിരണം കുറവാണെന്നും പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വളർന്നു വരുന്ന കുട്ടികൾ, വെജിറ്റേറിയൻസ് എന്നീ വിഭാഗം ആളുകൾക്ക് വിറ്റാമിൻ ഡി കൂടുതലായി ആവശ്യമുണ്ട്. ഇങ്ങനെയുള്ളവർക്കാണ് സാധാരണയായി ഡോക്ടർമാർ സപ്പ്ളെമെന്റ്സ് എടുക്കാൻ ആവശ്യപ്പെടുന്നത്. 40 വയസിനു മുകളിൽ ഉള്ളവരിൽ ബാക്കി ഉള്ളവരെ അപേക്ഷിച്ചു കാൽസ്യം ആഗിരണം കുറവായിരിക്കും അതിനാൽ 40 വയസിനു മുൻപ് തന്നെ വിറ്റാമിന് ഡി പോലുള്ളവ പരിശോധിക്കാനും ആവശ്യമെങ്കിൽ മരുന്നുകൾ എടുക്കാനും നമ്മൾ ശ്രദ്ധ ചെലുത്തണം. നിങ്ങളുടെ ഡോക്ടർ ആവശ്യപ്പെടാതെ ഒരിക്കലും ഇവ എടുക്കേണ്ട ആവശ്യമില്ല.
അമിതമായ ക്ഷീണം, ഉറക്കക്കുറവ്, കൈകളിലും കാലുകളിലും വേദന അല്ലെങ്കിൽ കഴപ്പ്, മുടി കൊഴിച്ചിൽ, സന്ധിവേദന എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. എല്ലുകളുടെ ആരോഗ്യം കുറയുകയും എല്ലുകൾ കൂടുതൽ മൃദുവാകുകയും ചെയ്യുന്നത് വഴി ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ബ്ലഡ് ടെസ്റ്റുകളെ അപേക്ഷിച്ചു ചെലവ് കൂടിയ പരിശോധനയാണ് വിറ്റാമിന് ഡിയുടേത്. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ശരിയായ രോഗനിർണയവും ചികിത്സയും അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ ആവശ്യകത തിരിച്ചറിയുകയും അവ ശരിയായ അളവിൽ ലഭിക്കാനുള്ള മാർഗ്ഗങ്ങൾ പിന്തുടരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിറ്റാമിൻ ഡി ശരിയായ അളവിൽ നമ്മുടെ ശരീരത്തിൽ എത്തിയാലും നമ്മുടെ കിഡ്‌നിയാണ് ഇവയെ ക്രമപ്പെടുത്തുന്നത്. അതിനാൽ തന്നെ നമ്മുടെ കിഡ്‌നിയുടെ ശരിയായ പ്രവർത്തനം ആവശ്യമാണ്. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും, മദ്യപാനം പോലെയുള്ള ജീവിത രീതികൾ പിന്തുടരുന്നവർക്കും വിറ്റാമിൻ ഡി കുറവ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കൃത്യമായി പരിശോധനകൾ നടത്തുകയും, രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടാനും ശ്രദ്ധിക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം ആരോഗ്യമുള്ളവരായി ജീവിക്കാം.
0 comments