നീണ്ടനാളത്തെ കാത്തിരിപ്പിനും പ്രതീക്ഷക്കും ഒടുവിൽ കോവിഡ് വാക്‌സിൻ പൊതുജനങ്ങളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു.
വാക്‌സിനെപ്പറ്റി നമ്മൾ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം? ആരൊക്കെ വാക്‌സിൻ എടുക്കണം? ഏതു വാക്‌സിൻ ആണ് എടുക്കേണ്ടത്? ഇങ്ങനെ പൊതുജനങ്ങളായ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്.
പ്രധാനമായും രണ്ടു വാക്‌സിൻ ആണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. ഒന്നാമത്തേത് കോവിഷിൽഡ്(covishield) മറ്റൊന്ന് കോവാക്സിൻ(covaxin).
കോവിഷിൽഡ് oxford യൂണിവേഴ്‌സിറ്റിയും AstraZeneca എന്ന കമ്പിനിയും ചേർന്ന് ഉല്പാദിപ്പിക്കുന്നതാണ്. കോവാക്സിൻ ഭാരത് biotech ഉല്പാദിപ്പിക്കുന്നതാണ്. കോവിഷിൽഡ് ഒരു വെക്റ്റർ(vector)വാക്‌സിൻ ആണ്. വെക്റ്റർ വാക്‌സിൻ എന്നാൽ ചിമ്പാൻസിയിലും മറ്റും ജലദോഷം ഉണ്ടാക്കുന്ന ഒരു വൈറസിനെ വേർതിരിച്ചു കോവിഡിന്റെ spike proteine മാത്രം അതിനുള്ളിലേക്ക് കുത്തിവെച്ചു വാക്‌സിൻ രൂപപ്പെടുത്തി. അത് മനുഷ്യശരീരത്തിൽ കുത്തിവെച്ചു നമ്മുടെ ശരീരത്തിനെക്കൊണ്ട് തന്നെ കോവിഡിന് എതിരെ പ്രതിരോധശക്തി ഉണ്ടാക്കി എടുക്കുന്ന പ്രക്രിയയാണ് വെക്റ്റർ വാക്‌സിനിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ കോവാക്സിനിൽ നേരെ മറിച്ചു കോവിഡ് വൈറസിനെ തന്നെ നിർവീര്യമാക്കി ഉപയോഗിച്ചരിക്കുകയാണ്.
വാക്‌സിൻ എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
1 . വാക്‌സിൻ എടുത്തശേഷം 30 മിനിറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നിർബന്ധമായും വിശ്രമിക്കേണ്ടതാണ്. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മടങ്ങുക.
2 . കോവിഡ് വാക്‌സിൻ എടുത്തശേഷം 14 ദിവസത്തേക്ക് മറ്റു വാക്‌സിനുകൾ എടുക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
3 . ആദ്യ ഡോസ് വാക്‌സിൻ ഏതാണ് എടുത്തതെന്ന് ഓർമയിൽ സൂക്ഷിക്കുക രണ്ടാമത്തെ ഡോസ് വാക്‌സിനും അത് തന്നെയാണെന്ന് എടുക്കുന്നതിനു മുൻപ് തന്നെ ഉറപ്പുവരുത്തുക.
4 . രണ്ടാമത്തെ ഡോസ് വാക്‌സിനു ശേഷം 14 മുതൽ 28 ദിവസം വരെ വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ആരൊക്കെ വാക്‌സിൻ എടുക്കാൻ പാടില്ല എന്നുകൂടെ നമ്മൾ അറിഞ്ഞിരിക്കണം. ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ചു 3 വിഭാഗം ആളുകൾ ആണ് താൽകാലികമായി വാക്‌സിൻ എടുക്കാൻ പാടില്ലാത്തത്.
1 . ഏതെങ്കിലും മരുന്നുകൾ, ഭക്ഷണങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും വാക്‌സിനുകൾ എടുത്ത ശേഷം ഗുരുതരമായ അലർജി രോഗലക്ഷണങ്ങൾ രക്തസമ്മർദ്ദം കുറയുക, തലകറക്കം ഉണ്ടാവുക, ശ്വാസം മുട്ടൽ ഉണ്ടാവുക എന്നിവ ഒരിക്കലെങ്കിലും അനുഭവപ്പെടുകയും അതെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തവർ.
2 .18 വയസിനു താഴെയുള്ളവർ .
3 . ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും.
എന്തുകൊണ്ടാണ് ഈ വിഭാഗം ആളുകൾ താൽകാലികമായി വാക്‌സിൻ എടുക്കേണ്ട ആവശ്യം ഇല്ല എന്ന് ആരോഗ്യമന്ത്രാലയം പറയുന്നത്?. ഈ 3 വിഭാഗം ആളുകളിലുമുള്ള വാക്‌സിൻ പരീക്ഷണത്തിന്റെ പഠന റിപ്പോർട്ട് ഇനിയും വന്നിട്ടില്ല എന്നതാണ് ഇതിനു കാരണം. പഠന റിപ്പോർട്ട് വന്നശേഷം വൈകാതെ തന്നെ ഈ വിഭാഗം ആളുകൾക്കും വാക്‌സിൻ ലഭ്യമാക്കും.
ഇപ്പോൾ പ്രധാനമായും 60 വയസിനു മുകളിൽ ഉള്ളവർക്കും 45 വയസിനു മുകളിൽ ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിനേഷൻ നല്കികൊണ്ടിരിക്കുന്നത്. എന്തൊക്കെയാണ് ഈ ജീവിതശൈലി രോഗങ്ങൾ, കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ, രക്തസമ്മർദ്ദം, പ്രമേഹം , വൃക്ക രോഗമുള്ളവർ, എന്തെങ്കിലും വിധത്തിലുള്ള കാൻസർ രോഗങ്ങൾക്കു ചികിത്സയിലുള്ളവർ, പ്രമേഹത്തോടൊപ്പം മറ്റു സങ്കീർണതകളുള്ളവർ എന്നിവയാണ്.
സർക്കാർ നിശ്ചയിച്ചിരിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും അതുപോലെ തന്നെ സർക്കാർ തിരഞ്ഞെടുത്തിരിക്കുന്ന കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ നിന്നും വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. സർക്കാർ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ നിന്നും സൗജന്യമായും, സർക്കാർ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ നിന്ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന ഫീസ് അടച്ചും വാക്‌സിൻ എടുക്കാവുന്നതാണ്. മുകളിൽ പറഞ്ഞ 2 വാക്‌സിനുകളിൽ ഏതാണ് എടുക്കാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമോ എന്നുള്ളത് എല്ലാവരുടെയും സംശയമാണ്. രജിസ്റ്റർ ചെയ്യുമ്പോൾ വാക്‌സിനേഷനെപ്പറ്റി കൃത്യമായ വിവരങ്ങൾ നൽകുമെങ്കിലും ഏതു തരം വാക്‌സിൻ ആണ് എടുക്കുന്നതെന്നു നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കില്ല.
നമ്മുടെ സ്വയ സംരക്ഷണത്തോടൊപ്പം നമുക്ക് ചുറ്റുമുള്ളവരെ കൂടി കൊറോണ വൈറസിൽ നിന്നും വാക്‌സിൻ എടുക്കുന്നത് വഴി സംരക്ഷിക്കാൻ കഴിയും എന്നുള്ളത് ഓർമയിൽ സൂക്ഷിക്കാം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചു ശരിയായ സമയത്തു വാക്‌സിനേഷന്റെ ഭാഗമാകാം.
0 comments