ഏതൊക്കെ പാത്രങ്ങളിൽ ഭക്ഷണം കഴിക്കാം?



നാടുവിട്ടു കാനഡക്കു പറന്നെങ്കിലും ചേച്ചിയോട് സംസാരിക്കാൻ തോന്നിയാൽ അപ്പോൾ തന്നെ സംസാരിക്കണം അതാണ് പണ്ടേയുള്ള ശീലം. അങ്ങനെ സംസാരിക്കാൻ ആഗ്രഹിച്ചു ഇന്നലെ  ഞാൻ വിളിച്ചു, ഫോൺ എടുത്തു വിശേഷങ്ങൾ പറയാൻ തുടങ്ങി. സംസാരത്തിനിടയിൽ ചേച്ചി മൂത്ത മകനെ എന്തൊക്കെയോ വഴക്കു പറയുകയും അവൻ തിരിച്ചു എന്തൊക്കെയോ പറയുകയും ചെയ്യുണ്ട്. ഗതികെട്ട്  ചേച്ചി അഞ്ചു മിനിറ്റ് ഇപ്പോൾ വരാം എന്നും പറഞ്ഞു പോയി, തിരിച്ചു വന്ന ചേച്ചിയോട് എന്താ കാര്യം എന്ന് തിരക്കി, വളർത്തുവാണെങ്കിൽ ആൺപിള്ളേരെ വളർത്തണം എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു. സാധനം വാങ്ങാൻ പോയി വന്നപ്പോൾ കടയിൽ നിന്നും പ്ലാസ്റ്റിക് ബാഗുമായി വന്നതാണ് പ്രശ്നം. അവസാനം അവനെ കൊണ്ട് നാളെ വേസ്റ്റ് കളയിപ്പിക്കും എന്ന തീരുമാനത്തിൽ പ്രശ്നം പരിഹരിച്ചു.

പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതം നമുക്കിന്നു ആലോചിക്കാൻ കൂടെ ആവില്ല എന്നതാണ് സത്യം. പഴയ തലമുറ  ഉപയോഗിച്ചിരുന്ന തടിയുടെയും മണ്ണിന്റെയും പാത്രങ്ങൾ മാറി പ്ലാസ്റ്റിക് പാത്രങ്ങളായി, പാത്രങ്ങൾ മാത്രമല്ല ഏറെക്കുറെ എല്ലാ മേഖലകളിലും ഇന്ന് പ്ലാസ്റ്റിക് കടന്നുവന്നു. നിത്യജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളെപ്പറ്റി ശരിയായ അറിവ് നമുക്കുണ്ടോ ഇന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക് ഉപയോഗത്തിൽ തന്നെ മനുഷ്യനു നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്നതും എന്നാൽ ഭക്ഷണസാധനകളുമായി കൂടുതൽ അടുപ്പം വരാൻ പാടില്ലാത്തതും,വീണ്ടും ഉപയോഗിക്കാൻ പാടില്ലാത്തതും,വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതും ഏതൊക്കെയാണെന്ന് തിരിച്ചറിയാനും അതനുസരിച്ചു ഉപയോഗിക്കുന്നതിനും വേണ്ടി പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില നമ്പറുകൾ ഉണ്ട്, ഇവയെ റെസിൻ ഐഡന്റിഫിക്കേഷൻ കോഡ് (Resin Identification code ) എന്നാണ് പറയുന്നത്.1988 മുതലാണ് ഇവ ഉപയോഗിച്ച് തുടങ്ങുന്നത്. 1 മുതൽ 7 വരെയാണ് ഈ നമ്പറുകൾ ഉണ്ടാകുന്നത്. പാത്രങ്ങളുടെയും മറ്റു പ്ലാസ്റ്റിക് വസ്തുക്കളുടെയും അടിയിൽ ത്രികോണ ആകൃതിക്കുള്ളിലാണ് ഈ നമ്പറുകൾ രേഖപ്പെടുത്തുന്നത്.


1 . PETE Or PET (Polyethylene terephthalate ) :നമ്മൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിഭാഗമാണ് ഇവ. മിനറൽ വാട്ടർ കുപ്പികൾ, പലതരം പാനീയങ്ങൾ വരുന്ന കുപ്പികൾ, അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന ജാറുകൾ, എന്നിവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നതാണ് . ഈ വിഭാഗത്തിൽ പെടുന്ന പ്ലാസ്റ്റിക്കുകൾ ഒരു തവണ ഉപയോഗിച്ച് കളയാൻ വേണ്ടി നിർമിച്ചിരിക്കുന്നവയാണ്. ഇവ ചൂടാക്കാനോ, ചൂടുള്ള ഭക്ഷണ സാധനങ്ങൾ ഇവയിൽ സൂക്ഷിക്കാനോ പാടുള്ളതല്ല. മിനറൽ വാട്ടർ വാങ്ങുന്ന കുപ്പികൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അവയിൽ ചൂടുള്ള വെള്ളം എടുക്കുന്നതും ആരോഗ്യപരമായ ശീലമല്ല. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും കൊണ്ടുപോകാൻ വാങ്ങുന്ന വെള്ളം കുപ്പികളും ഈ വിഭാഗത്തിൽ പെടുന്നവയാണ്, ഇങ്ങനെയുള്ള കുപ്പികൾ ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെയുള്ള വിഭാഗത്തിൽപെട്ട പാത്രങ്ങളും വസ്തുക്കളും ഉപയോഗിച്ച ശേഷം നശിപ്പിച്ചു ഉപേക്ഷിക്കാനും, അവ വീണ്ടും പുനരുത്പാദന പ്രക്രിയ  നടത്തി ഉപയോഗിക്കാനും വേണ്ടി നിർമ്മിച്ചിട്ടുള്ളവയാണ്.


2 . HDPE Or PE - HD (High density polyethylene ) : പാൽ വരുന്ന കുപ്പികൾ, ബാഗുകൾ, കുട്ടികൾക്കുള്ള കുപ്പികൾ എന്നിവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. നമ്പർ 1 നെ അപേക്ഷിച്ചു ഇവ കുറച്ചു കൂടെ ആരോഗ്യപരമാണ്. ഭക്ഷണം സൂക്ഷിക്കാനും മറ്റു ആവശ്യങ്ങൾക്കും ഇവയെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.


3 . PVC (Polyvinyl chloride ) : ഏറ്റവും കൂടുതലായി നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിഭാഗമാണിത്. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന പ്ലംബിംഗ് സാധനങ്ങൾ, വയറിംഗ് സാധനങ്ങൾ, കസേരകൾ, പല ഗൃഹോപകരണങ്ങൾ, പെട്ടന്ന് പൊട്ടാത്ത തരം പ്ലാസ്റ്റിക് വസ്തുക്കൾ ഒക്കെ തന്നെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇവയിൽ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ദോഷകരമാണ്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ഈ വിഭാഗത്തിൽ പെടുന്നതല്ലെന്നു ഉറപ്പുവരുത്തുക.


4 .LDPE (Low density polyethylene ) : മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു ആരോഗ്യകരമായി ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ആണ് ഇവ. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, സ്കൂൾ ബാഗുകൾ, സാധാരണയായി ഉപയോഗിക്കുന്ന ചോറ് പാത്രങ്ങൾ ഒക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്.

5 . PP ( Polypropylene ) : ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന വിഭാഗമാണിത്.  ചൂട് താങ്ങാൻ കഴിവുള്ള ഈ വിഭാഗം പ്ലാസ്റ്റിക് നമ്മുക്ക് ആരോഗ്യകരമായി ഉപയോഗിക്കാവുന്നതാണ്. വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന കുപ്പികൾ, കുട്ടികൾക്കുള്ള കുപ്പികൾ, മൈക്രോവേവ് ഓവനിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ പോലുള്ളവ ഈ വിഭാഗത്തിൽ പെടുന്നവയാണ്.

6 . PS (Polystyrene ) : ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് പോലുള്ളവയൊക്കെ നിർമിക്കുന്നത് ഈ വിഭാഗത്തിൽ പെട്ട പ്ലാസ്റ്റിക് കൊണ്ടാണ്. ആരോഗ്യകരമായി ഉപയോഗിക്കാവുന്ന വിഭാഗം പ്ലാസ്റ്റിക് അല്ല ഇവ. കാൻസർ പോലെയുള്ള പല രോഗങ്ങൾക്കും ഇവയുടെ ഉപയോഗം വഴിതെളിക്കുന്നു.

7 . OTHERS (Polycarbonate )  : ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന വിഭാഗം ആണ് ഇവ. ഈ വിഭാഗം പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലോ വെള്ളത്തിലോ യാതൊരു കാരണവെച്ചാലും കലരാത്ത തരത്തിലുള്ള ആവശ്യങ്ങൾക്ക് മാത്രമേ നമ്മൾ ഉപയോഗിക്കാവൂ. കുട്ടികൾക്കുള്ള ഫീഡിങ് ബോട്ടിൽ മുതൽ മുതിർന്ന ആളുകൾ ഉപയോഗിക്കുന്ന വെള്ളം കുപ്പികളിൽ വരെ നമ്പർ 7 രേഖപെടുത്തിയിരിക്കുന്നതായി കാണാറുണ്ട് ഇവ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വിഭാഗം ആണെന്ന് ഓർമയിൽ സൂക്ഷിക്കുക.

 പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും പോലുള്ളവ വാങ്ങുമ്പോൾ എപ്പോഴും നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. റെസിൻ ഐഡന്റിഫിക്കേഷൻ കോഡ് 2 , 4 , 5 രേഖപെടുത്തിയിരിക്കുന്നവയാണ് എപ്പോഴും നമുക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നവ. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം വലിയ ആപത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്ന് ഓർമയിൽ സൂക്ഷിക്കാം ഇവയെ വളരെ ശ്രദ്ധയോടെ ഉപയോഗിക്കാം




1 comments

  1. E അറിവ് എല്ലാവർക്കും പകർന്നു കൊടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete