യാത്രകൾ എന്നും സ്വപ്‌നങ്ങൾ തേടിയുള്ളതാകണം ........ഒരിക്കലെങ്കിലും നമ്മെ ഉറങ്ങാൻ അനുവദിക്കാത്ത പ്രേരക ബിന്ദുവാകണം ആ സ്വപ്‌നങ്ങൾ .........അങ്ങനൊരു സ്വപ്നം തന്നെയായിരുന്നു കാടിന്റെ നാട് കാണുക എന്നത് .കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട് എന്നറിയപ്പെട്ടിരുന്ന വയനാട് , എന്നും ആഗ്രഹപ്പട്ടികയിൽ ഇടം പിടിച്ചവൾ.............അവളുടെ മുഴുവൻ സൗന്ദര്യത്തിൽ കാണാൻ പറ്റിയ സമയം അല്ലെങ്കിൽകൂടെ , യാത്രക്ക് അനുയോജ്യം ആണെന്ന് മനസിലാക്കി ആയിരുന്നു ഞങ്ങളുടെ യാത്ര ........കർണാടകവുമായും തമിഴ്നാടുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. യാത്ര അപ്പോൾ കർണാടകത്തിൽ നിന്നാകാം എന്നോർത്തു. രാത്രി ബാംഗ്ലൂർ നിന്നും കേരള റോഡ് ട്രാൻസ്പോർട്ടിന്റെ ബസിൽ ആയിരുന്നു യാത്ര .പുലർച്ചയാകുമ്പോളേക്കും ഞങ്ങൾ കേരള അതിർത്തി കടന്നിരുന്നു .വൈത്തിരി ആയിരുന്നു കോട്ടേജ് ബുക്ക് ചെയ്തിരുന്നത് .സുഗന്ധ വാഹിനിയായ കാപ്പി പൂക്കൾ വഴിനീളെ പൂത്തുനിന്നിരുന്നു .ഒൻപതു മണിയോടടുത്തു ഞങ്ങൾ വൈത്തിരി എത്തി .കബനിയുടെ കൈവഴികൾ ഒഴുകിയെത്തുന്ന പ്രകൃതി രമണീയമായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഞങ്ങളെ സ്വാഗതം ചെയ്തത് .ചെറിയൊരു വിശ്രമത്തിനു സമയം കണ്ടെത്തിയ ഞങ്ങൾ വീണ്ടും വയനാടിനെ തേടി ഇറങ്ങുകയായി .പൂക്കോട് തടാകം ആയിരുന്നു ആദ്യ ലക്ഷ്യം.വൈത്തിരിയോട് ഏറെക്കുറെ അടുത്തായിരുന്നു പൂക്കോട് ആയതിനാൽ തന്നെ ഓട്ടോയിൽ ആയിരുന്നു ഞങ്ങളുടെ യാത്ര .പ്രവേശന പാസ് എടുത്തു ഞങ്ങൾ അകത്തു കടന്നു ,കേരളത്തിലെ തടാകങ്ങളിൽ തന്നെ വളരെ ചെറുതും എന്നാൽ സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്നതുമായ പൂക്കോട് സഞ്ചാരികൾക്കു എന്നും പ്രിയപ്പെട്ടതാണ്.ചുറ്റിനടന്നു കാണാനും അതുപോലെ തന്നെ ബോട്ടിംഗ് നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട് .വയനാട് ചുരം എന്നും നമ്മുക്ക് അതിശയയിപ്പിക്കുന്ന കാഴ്ച തന്നെയാണ് അടുത്ത യാത്ര അവിടെക്കായിരുന്നു .കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം .ദേശീയപാത 766 ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ് .പാതക്ക് ഇരുവശവും ഇടതൂർന്ന വനം സഞ്ചാരികൾക്കു എന്നും പ്രീയപ്പെട്ടതാണ്.കുതിരസവാരി ചെയ്തു വയനാട്ടിൽ എത്താൻ നിർമിച്ച പാത പിന്നീട് വാഹന ഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു .നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു ,വയനാട് കുറെ കൂടെ സുന്ദരിയായതുപോലെ .........
കോടമഞ്ഞിന്റെ തണുപ്പിൽ പുതിയൊരു പ്രഭാതം കൂടെ ............കണ്ടു തീരാത്ത യാത്രകളില്ലേക്ക് വീണ്ടും ഞങ്ങൾ പറന്നിറങ്ങുകയായി ......കൽപ്പറ്റയിൽ നിന്നും റെന്റിനു എടുത്ത ഒരു സ്കൂട്ടറിൽ ആയിരുന്നു ഞങ്ങളുടെ യാത്ര .......വയനാടിന്റെ ഹരിതഭംഗിക്കു വനവിഭവങ്ങളാൽ സമൃദ്ധമായൊരിടം 900 കണ്ടി..............കൽപ്പറ്റയിൽ നിന്നും ഏകദേശം ഇരുപതു കിലോമീറ്റർ ഉണ്ട് 900 കണ്ടിയിലേക്കു .മെയിൻ റോഡിൽ നിന്നും മുകളിലേക്ക് കുത്തനെയുള്ള കയറ്റമാണ് ,ഓഫ് റോഡ് വാഹങ്ങൾ ആണ് പ്രധാനമായും അങ്ങോട്ടുള്ള യാത്ര മാർഗം , 6 പേരടങ്ങുന്ന ഒരു ടീമിനെയാണ് ഒരു ജീപ്പിൽ കൊണ്ടുപോകുന്നത് .ശെരിക്കും ഒരു സാഹസികയാത്ര എന്നുതന്നെ പറയണം .ഒരിക്കലെങ്കിലും ജീവിതത്തിൽ അതുപോലെ ഒന്ന് പോകണം .ഒരു ജീപ്പിനു മാത്രം പോകാൻ വീതിയുള്ള റോഡുകൾ ,ഇരുവശവും ഇടതൂർന്ന സുന്ദരവനം, കിളിനാദങ്ങൾ ,ആരെയും ശല്യപ്പെടുത്താതെ നിശബ്ദയായി ഒഴുകുന്ന അരുവികൾ ,കേരളം നേരിട്ട വലിയ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും മായാത്ത മുദ്രകൾ .ജീപ്പിനു മുൻവശത്തുതന്നെ ഇടംപിടിച്ച ഞങ്ങൾ 900 കണ്ടിയെ കുറെ കൂടെ ഡ്രൈവർചേട്ടന്റെ സംസാരത്തിൽ നിന്നും മനസിലാക്കി തുടങ്ങി .മുകളിലേക്കെത്തുമ്പോൾ കുറെയൊക്കെ സ്വർഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന അനുഭൂതിയാണ് അല്ലെങ്കിൽ ഓരോ യാത്രക്കാരനും അങ്ങനെ തോന്നിപ്പിക്കുന്ന പ്രതീതിയാണ് അവിടുത്തെ അന്തരീക്ഷത്തിനു .അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ ഇടംപിടിച്ച ഗ്ലാസ് ബ്രിഡ്ജ് ഇവിടെയാണ് ,ഉയരത്തിൽ നിന്നും നമ്മുക്ക് ചുറ്റുമുള്ളതിനെ നോക്കിക്കാണുന്ന അനുഭവം വേറിട്ടതാണ് .900 കണ്ടിയെ യാത്രക്കാരിലേക്കു സ്വീകാര്യമാം വിധം അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ .വയനാട് എന്ന സുന്ദരിയെ കുറേക്കൂടെ വ്യക്തമായി കാണാൻ 900 കണ്ടി സഹായിച്ചെന്ന് തിരിച്ചിറങ്ങുമ്പോൾ നമ്മുക്ക് മനസിലാകും .കാന്തൻപാറ വെള്ളച്ചാട്ടം ആയിരുന്നു അടുത്ത ലക്ഷ്യം ,മഴക്കാലം അല്ലെങ്കിൽ കൂടെ കാന്തൻപാറ അതിന്റെ സൗന്ദര്യത്തിൽ ഒട്ടും കുറവില്ലാതെ സഞ്ചാരികളെ ആകർഷിക്കുന്നു എന്ന് അവിടെത്തിയപ്പോൾ എനിക്ക് മനസിലായി .കാരാപ്പുഴ ഡാമിലേക്കായി ഞങ്ങളുടെ യാത്ര. സമയം ഞങ്ങളുടെ മുമ്പിൽ കുറവായിരുന്നു എന്നതാണ് കാര്യം .കബനിയുടെ പോഷകനദിയായ കാരാപ്പുഴ നദിയിൽ ആണ് ഈ ഡാം സ്ഥിതി ചെയ്യുന്നത് .ഡാമും ചുറ്റുമുള്ള പൂന്തോട്ടവും സാഹസികങ്ങളായ കളികളും കുട്ടികളുടെ പാർക്കും ഒക്കെ കൂടെയായപ്പോൾ കാരാപ്പുഴ സഞ്ചാരികളുടെ വൈകുന്നേര പറുദീസയായി .അവിടെ നിന്നും കല്പറ്റയിലേക്കു , വണ്ടി തിരികെ കൊടുത്തു ഞങ്ങൾ ബാംഗ്ലൂരേക്കുള്ള ബസും നോക്കി ഇരിപ്പായി ......ചെമ്പ്ര പീക് ,കുറുവ ദീപ് ,സൂചിപ്പാറ വെള്ളച്ചാട്ടം എന്നിങ്ങനെ ഇപ്പോൾ സഞ്ചാരികൾക്കു പ്രവേശനം നിരോധിച്ചിരിക്കുന്നു സ്ഥലങ്ങൾ എന്നെപോലുള്ളവർക്കു നഷ്ടം തന്നെയാണെന്ന് പറഞ്ഞെ മതിയാകു ........എല്ലാം കണ്ടു മനസു നിറഞ്ഞാൽ പിന്നെ ഞാൻ നിന്നെ സ്വപ്നം കണ്ടില്ലെങ്കിലോ എന്നോർത്തിട്ടു തന്നെയാണ് ഒരുപാടു വായിച്ചറിഞ്ഞ ,കേട്ടറിഞ്ഞ ഇടയ്ക്കൽ ഗുഹകൾ ഞാൻ മാറ്റിവെച്ചത് .നീയെന്ന കാനന സുന്ദരി വീണ്ടുമെന്നെ മാടിവിളിക്കാൻ .......നിന്നിലേക്കടുക്കാൻ ...............
2 comments
എല്ലാം കണ്ടു മനസു നിറഞ്ഞാൽ പിന്നെ ഞാൻ നിന്നെ സ്വപ്നം കണ്ടില്ലെങ്കിലോ എന്നോർത്തിട്ടു തന്നെയാണ് ഒരുപാടു വായിച്ചറിഞ്ഞ ,കേട്ടറിഞ്ഞ ഇടയ്ക്കൽ ഗുഹകൾ ഞാൻ മാറ്റിവെച്ചത് .നീയെന്ന കാനന സുന്ദരി വീണ്ടുമെന്നെ മാടിവിളിക്കാൻ .......നിന്നിലേക്കടുക്കാൻ ...........
ReplyDeleteGood attempt... Exploring the motion picture of Wayanad...🙌
@Sinu stephen: Thank you so much
ReplyDelete