കൊറോണ എന്ന് തീരും എന്ന സംശയത്തെപ്പറ്റി ചിന്തിക്കുമ്പോൾ വിദഗ്ധർ പറയുന്ന അഭിപ്രായങ്ങൾ പലതാണ്. കൊറോണ പോലെയുള്ള പകർച്ചവ്യാധികൾ അവസാനിക്കാൻ 5 വഴികളാണ് പ്രധാനമായും അവർ പറയുന്നത്.
1. സാധ്യത കുറവുള്ള വഴി (unlikely way ) : ഇന്ത്യ അടക്കം ലോകമൊട്ടാകെ സ്വീകരിച്ച ആദ്യത്തെ വഴിയും ഇതായിരുന്നു. ഗവണ്മെന്റ് ശെരിയായ ലോക്ക്ഡൌൺ നടപ്പാക്കുക, ക്വാറന്റൈൻ നടപ്പാക്കുക, കൂടുതൽ ആളുകളിൽ പരിശോധന നടത്തുക എന്നിവയൊക്കെ ഈ വഴിയുടെ ഭാഗമാണ്. ഇങ്ങനെ ഉള്ള മുൻകരുതലുകൾ എടുക്കുന്നതിലൂടെ കൊറോണ ജനങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറയും. ഈ മാർഗം വളരെ ഫലപ്രദമായി നടപ്പാക്കുകയും ഏറെ കുറെ രോഗവ്യാപനം തടയുകയും ചെയ്തു, എന്നാൽ അതിനുശേഷം വീണ്ടും കേസുകൾ ക്രമാതീതമായി കൂടുന്നത് ആ മാർഗം അത്ര ഫലപ്രദമല്ലെന്നു കൂടെ സൂചിപ്പിക്കുന്നു.
2. അപകടകരമായ വഴി(Dangerous way ): ഏറ്റവും അപകടകരവും എന്നാൽ ഏറ്റവും വേഗമേറിയതുമായ വഴിയാണ് രണ്ടാമത്തേത്. ഇളവുകൾ വരുത്തി കൊറോണ കൂടുതൽ ആളുകളിലേക്ക് പകരാൻ ഉള്ള സാഹചര്യം ഉണ്ടാകുകയും അതുവഴി ഏകദേശം 60 % ശതമാനം ആളുകൾ കൊറോണ ബാധിതരാവുകയും ചെയ്യും.അതുവഴി ഹേർഡ് ഇമ്മ്യൂണിറ്റി ( herd immunity ) അല്ലെങ്കിൽ സാമൂഹ്യ പ്രതിരോധം എന്ന രോഗപ്രതിരോധശേഷി വലിയൊരു ശതമാനം ആളുകൾ കൈവരിക്കും. ഹേർഡ് ഇമ്മ്യൂണിറ്റി എന്നാൽ ഒരു രാജ്യത്തിൽ ഭൂരിപക്ഷം ആളുകളും ഒരു അസുഖത്തിന് എതിരെ ഉള്ള പ്രതിരോധശേഷി വന്നു കഴിഞ്ഞാൽ പ്രതിരോധശേഷി ഇല്ലാത്ത ആളുകളെ ഇവർ സംരക്ഷിക്കും. നല്ലൊരു ശതമാനം ആളുകളെ കൊറോണ ബാധിക്കുന്നതോടെ അവരുടെ ശരീരത്തിൽ ആ പകർച്ചവ്യാധിക്കെതിരെയുള്ള ആന്റിബോഡി രൂപപ്പെടുകയും, അത് ഏകദേശം 60 % ശതമാനം ആളുകളിൽ എത്തുന്നതോടെ ഹെർഡ് ഇമ്മ്യൂണിറ്റി രൂപപെടുകയായി. അതോടുകൂടെ രോഗവ്യാപന സാധ്യത കുറയുകയും പകർച്ചവ്യാധി നിയന്ത്രണവിധയമാവുകയും ചെയ്യും. എന്നാൽ ഈ പറഞ്ഞ 60 ശതമാനം ആളുകൾക്ക് രോഗം വരാൻ അനുവദിക്കുകയും രോഗം വരാൻ സാധ്യത കൂടുതലുള്ള വിഭാഗം ആളുകളിലേക്ക് രോഗം പകരാതെ ഇരിക്കാൻ നോക്കുകയും ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്. ഈ ഒരു മാർഗം പിന്തുടർന്നാൽ ധാരാളം പേരുടെ മരണത്തിനു കാരണമാകും എന്നതിനാൽ തന്നെ ഹേർഡ് ഇമ്മ്യൂണിറ്റി അപകടകരമാണ്.
3. റിവേഴ്‌സ് ക്വാറന്റൈൻ(Reverse quarantine ): രോഗം വരാൻ സാധ്യത കൂടുതൽ ഉള്ള വിഭാഗം ആളുകൾ അതായതു 60 വയസിനു മുകളിൽ പ്രായമുള്ള ആളുകൾ, 10 വയസിനു താഴെ ഉള്ള കുട്ടികൾ, മറ്റു ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവർ, ഗർഭിണികൾ എന്നിവർ പുറത്തുപോകുന്നത് കുറയ്ക്കുകയും കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യുന്നതിനെയാണ് റിവേഴ്‌സ് ക്വാറന്റൈൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും.
4. കൊറോണയ്ക്കൊപ്പം ജീവിക്കാൻ പഠിക്കുക: കൊറോണ പഠിപ്പിച്ച നല്ല കാര്യങ്ങൾ മറക്കാതെ ഇരിക്കുകയും അവ മുൻപോട്ടു തുടരുകയും ചെയ്യുക. പല തവണ 30 സെക്കൻഡിൽ കുറയാതെ സമയം എടുത്തു സോപ്പ് ഉപയോഗിച്ച് കൈയ്യും മുഖവും കഴുകുക, മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കുക, കൈമുട്ടിനുള്ളിലേക്കു മുഖം കുനിച്ചു പിടിച്ചു തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക, സാമൂഹിക അകലം പാലിക്കുക.
5. വാക്‌സിൻ കണ്ടുപിടിക്കുക: കൊറോണ വൈറസിന് എതിരായിട്ടുള്ള ആന്റിബോഡി നമ്മുടെ ശരീരത്തിൽ കുത്തിവെക്കുകയും അതുവഴി നമ്മൾ ആ വൈറസിന് എതിരായിട്ടുള്ള രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്യുന്നതിനെയാണ് നമ്മൾ വാക്‌സിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല രാജ്യങ്ങളും ഇതിനുവേണ്ടിയുള്ള പരീക്ഷണങ്ങളിൽ ആണെങ്കിലും ഇവ കണ്ടുപിടിക്കാനും വിപണിയിൽ എത്താനും ഇനിയും കുറെ സമയം എടുത്തേക്കാം. അതുകൊണ്ടു തന്നെ വാക്‌സിനുവേണ്ടി നമ്മൾ ഇനിയും കാത്തിരിക്കേണ്ടി വരും.
മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെയാണ് കൊറോണ എന്നവസാനിക്കും എന്നതിന് വിദഗ്ധർ നൽകുന്ന ഉത്തരങ്ങൾ. ഇവയിലൂടെ കടന്നുപോകുന്ന എനിക്കും നിങ്ങൾക്കും മനസിലായിട്ടുണ്ടാവും കൊറോണ ഇനിയും എത്രകാലം നമ്മോടൊപ്പം ഇങ്ങനെ ഉണ്ടാകും എന്നത്. കോറോണക്കൊപ്പം ജീവിക്കാൻ പഠിക്കുക എന്നതാണ് ഇവയിൽ പ്രധാനപ്പെട്ടതും എളുപ്പമുള്ളതും. എങ്ങനെ ജീവിക്കണം എന്നുള്ളത് വീണ്ടും പറയേണ്ട ആവശ്യം ഉണ്ടെന്നും തോന്നുന്നില്ല. നമ്മുടെ ആഘോഷങ്ങളും ആർഭാടങ്ങളും കുറച്ചു കാലത്തേക്ക് കൂടെ നമ്മൾ ശ്രദ്ധയോടെ നടത്തണം, ആരോഗ്യകാര്യത്തിൽ മുൻപുണ്ടായിരുന്നതിനേക്കാൾ ജാഗ്രത പുലർത്തണം. ഇതുവരെ കോറോണക്ക് എതിരെ സ്വീകരിച്ച നല്ല ശീലങ്ങൾ ഇനിയും തുടരണം. പറ്റുന്നത്ര രോഗം പകരാതെ ഇരിക്കാനും പടരാതെ ഇരിക്കാനും നമ്മുക്ക് ശ്രദ്ധിക്കാം. സുരക്ഷിതരായിരിക്കാം, കോറോണയെ പേടിക്കാതെ ജീവിക്കാം.
2 comments
Informative doctor
ReplyDeleteThank you so much
Delete