മഴ പെയ്യുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്ന ഒരു ദിവസം ഉണ്ടെങ്കിൽ അത് ജൂൺ 1 ആണ്. വെറുതെ ഒന്നുമല്ലാട്ടോ ആ വിശ്വാസം, എന്റെ അനുഭവം കൊണ്ടാണ്. എന്നോട് യോജിക്കാൻ ഒരുപാടു പേരുണ്ടാകുമെന്നും എനിക്കറിയാം. ആ അനുഭവം എന്താണെന്നു അല്ലേ.? സ്കൂൾ തുറക്കാൻ കുട്ടികളേക്കാളേറെ കാത്തിരിക്കുന്ന ഒരാളാണ് ഈ പറഞ്ഞ മഴയെന്നു പലപ്പോഴും തോന്നാറുണ്ട്. ഇവളെന്താ പുതിയ ഉടുപ്പ് വല്ലോം വാങ്ങി വെച്ചിട്ടുണ്ടോ സ്കൂളിൽ പോകാൻ, അല്ലെങ്കിൽ പിന്നെ മറ്റെന്തോ കാരണം ആകും....... എന്നിലെ ചെറിയ മനസ് അത് കണ്ടുപിടിച്ചു മഴ ഒരു പഠിപ്പി ആണ്. അല്ലെങ്കിൽ ഇത്രകണ്ട് ആവേശം ഉണ്ടാകുമോ ജൂൺ 1 നോട്.
രാവിലെ മടിച്ചാണ് എഴുന്നേറ്റത്. പിന്നെ സ്കൂളിൽ പോകാൻ ഉള്ള ഒരുക്കമായി. ആങ്ങള പഠിച്ചു പാസ്സായി അധ്യാപകർക്ക് ഇടയിൽ പേര് ഉണ്ടാക്കി വെച്ച സ്കൂളിലേക്കാണ് എന്റെ പോക്ക്. നീല പാവാടയും വെള്ള ഷർട്ടും ആണ് യൂണിഫോം പക്ഷെ എനിക്കൊരു വ്യത്യാസം ഉണ്ട് എന്താണെന്നു അല്ലേ? എന്റെ പാവാട നല്ല നേവി ബ്ലൂ കളർ ആണ്. അതുമാത്രം അല്ല അവനൊരു വരത്തൻ ആണ്. അങ്ങ് ഗൾഫിൽ നിന്നും റാണിആന്റി കൊണ്ടുവന്നതാണ്. ഒന്നാം ക്ലാസുകാരിയെ കൂട്ടുകാരും സ്കൂളിൽ ഉള്ളവരും അടിമുടി ഒന്ന് നോക്കാൻ വേറെ വല്ലോം വേണോ?
ബോട്ടിൽ ആണ് യാത്ര സ്കൂളിലേക്ക്. ഞാനും അച്ചാച്ചനും മമ്മിയും കൂടെ ആണ് ബോട്ട് ജെട്ടിയിലേക്കു നടക്കുന്നത്. 8 .30 ക്കു ബോട്ട് നമ്മുടെ പള്ളി ജെട്ടിയിൽ എത്തും. അപ്പോഴും മഴ അങ്ങനെ തകർത്തു പെയ്യുന്നുണ്ട്. ഇവളും എന്നോടൊപ്പം സ്കൂളിലേക്ക് ആണോ ആവോ? പിന്നെ മണലാടി ജെട്ടിയും, അറുപത്തി ഏഴര ജെട്ടിയും, കുരിശുപള്ളി ജെട്ടിയും ഒക്കെ കഴിഞ്ഞു വേണം പുളിങ്കുന്ന് ജെട്ടി എത്താൻ. അവിടെത്തിയാൽ പതുക്കെ ബോട്ടിൽ നിന്നും ഇറങ്ങി ഒരു നടപ്പാണ്. ആ കാണുന്നതാണ് എന്റെ സ്കൂൾ, അമലോത്ഭവം എൽ പി സ്കൂൾ. അച്ചാച്ചൻ നേരെ പുതിയ സ്കൂളിലേക്ക് പോയി. മമ്മി സ്കൂളിലെ പരിപാടികൾ ഒക്കെ കഴിഞ്ഞു ഓഫീസിൽ പോയി. ആ ക്ലാസ്സിനകത്തു എല്ലാം പുതിയതാണ്, ഒപ്പം പുതിയൊരു തലമുറയെ വാർത്തെടുക്കാൻ തുടങ്ങുന്ന അധ്യാപകരും. ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളു. വീട്ടിലേക്കു മടങ്ങാൻ 4 മണിക്കേ അടുത്ത ബോട്ട് ഉള്ളു. എന്റെ സ്കൂളിന്റെ മതിലിനപ്പുറം മമ്മി പഠിപ്പിച്ചിരുന്ന ഐ ടി സി ആണ്. വീട്ടിലെത്തി എല്ലാരോടും വിശേഷങ്ങൾ പറയാൻ വെമ്പൽ കൊണ്ട് ഞാൻ അവിടെ മമ്മിയുടെ കൂടെ ആയിരുന്നു വൈകുന്നേരം വരെ.
ഇങ്ങനെയുള്ള ബോട്ട് യാത്രകൾ പിന്നെയും ഒരുപാടു കാലം തുടർന്നു. ചുരുങ്ങിയത് 10 വർഷത്തിന്റെ കഥകൾ പറയാൻ ഉണ്ടാകും ആ നാടിനു എന്നോട്. അന്ന് വെളിയനാട് കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത സിറ്റി പുളിങ്കുന്ന് തന്നെയാണെന്ന് പറയാം. 4 വർഷം അമലോത്ഭവത്തിലും പിന്നീട് അങ്ങോട്ട് ലിറ്റൽ ഫ്ലവറിലും ആയിരുന്നു വിദ്യാഭ്യാസ കാലം. നീല പാവാടയും വെള്ള ഷർട്ടും മാറി പുതിയ പുതിയ യൂണിഫോമുകൾ വന്നു, മുടിക്കെട്ടിൽ പല തരം റിബ്ബൺ വർണം വിടർത്താൻ തുടങ്ങി. ബോട്ട് യാത്ര മാറി ബസ് യാത്ര തുടങ്ങി. അങ്ങനെ വർഷങ്ങൾ മുൻപോട്ടു പോകുംതോറും പുളിങ്കുന്ന് വികസനത്തിന്റെ പടവുകൾ ചവിട്ടിക്കയറാൻ തുടങ്ങി. ഒരുപക്ഷെ ആ വളർച്ചയിലുടനീളം കൂടെ ഉണ്ടായിരുന്നതും മാറ്റങ്ങൾ അനുഭവിച്ചറിഞ്ഞതും ഞങ്ങൾ ആയിരിക്കണം. അമലോത്ഭവത്തിൽ നിന്നും പടിഇറങ്ങുമ്പോളും മനസ്സിൽ വലിയ സങ്കടം തോന്നിയില്ല കാരണം അപ്പോഴും കണ്ണെത്തും ദൂരത്തു തന്നെ അവൾ ഉണ്ടായിരുന്നു . ഒരേ മഠത്തിന്റെ ചുറ്റളവിൽ തന്നെയായിരുന്നു ഈ പറഞ്ഞ എന്റെ രണ്ടു സ്കൂളുകളും.
പരീക്ഷാകാലമായാൽ ഈ പറഞ്ഞ കാഴ്ചകൾ ഒക്കെ ഒന്ന് മാറിമറിയും. രാവിലെയും വൈകുന്നേരവും മാത്രമേ ബോട്ട് ഉള്ളു. ഉച്ചവരെ പരീക്ഷ ഉള്ള ദിവസങ്ങളിൽ പരീക്ഷ കഴിഞ്ഞു ഒരു നടത്തം ഉണ്ട് വീട്ടിലേക്ക്. പമ്പയാറിന്റെ അരികുചേർന്നാണ് നടത്തം. നട്ടാൽ മുളയ്ക്കാത്ത പ്രേത കഥകൾ കൃത്യമായ ഇടവേളകളിലും, തിരഞ്ഞെടുക്കപ്പെട്ട ആളൊഴിഞ്ഞ സ്ഥലങ്ങളിലും വെച്ച് ആലങ്കാരിക ഭംഗിയോടെ പറഞ്ഞു തരാൻ വയസിനു മൂത്ത ഏതെങ്കിലും ഒരെണ്ണം ഉണ്ടാകും കൂടെ. വഴിനീളെ ഫലവൃക്ഷാദികൾ കണ്ടും ആസ്വദിച്ചും ആകും നടത്തം. ഇന്നും അതിശയം തോന്നാറുണ്ട് ആ വെയിലും ചൂടും ഒന്നും അന്ന് ഞങ്ങളെ കാര്യമായി തളർത്താഞ്ഞത് എന്തുകൊണ്ടെന്ന് . ബസിന്റെ വരവോടെ ഈ പറഞ്ഞ നീണ്ട നടത്തങ്ങൾ അവസാനിച്ചു. ഇന്നും ചിലപ്പോഴൊക്കെ തോന്നാറുണ്ട് അന്ന് കൈകോർത്തു നടന്നവർക്കൊപ്പം ഒരിക്കൽ കൂടെ തിരിച്ചു നടക്കാൻ സാധിച്ചിരുന്നെങ്കിലെന്ന്.
ഈ ജൂൺ മാസത്തിലെ മഴയും എന്നെപോലെ ആരുടെയെങ്കിലും കൂടെ സ്കൂളിൽ പോകാൻ ആശിച്ചു നിന്നതാവില്ലേ? ഇന്നത്തെ തലമുറ ഇതുപോലെ ഓർമകളുടെ കൊട്ടാരം മനസ്സിൽ പണിതുയർത്തുന്നുണ്ടാവുമോ? വർഷം ഒരുപാടു കഴിഞ്ഞെങ്കിലും പുളിങ്കുന്ന് മനസ്സിൽ മറയാത്ത ഒരോർമ്മ തന്നെയാണ്. അമലോത്ഭവത്തിന്റെ വരാന്തകൾ ഇന്നും നടന്നു കൊതിതീരാത്തവയാണ്, ഓരോ ക്ലാസ് റൂം ഇന്നും മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ട് കണ്ണൊന്നടച്ചാൽ ഇപ്പോഴും അവ എനിക്ക് ചുറ്റുമുണ്ട്. വിദ്യാഭാസത്തിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്ന അധ്യാപകർ, വർഷങ്ങളോളം ഞാൻ നടന്ന വഴികൾ, കണ്ട കാഴ്ചകൾ, സ്നേഹം പങ്കുവെച്ച സൗഹൃദങ്ങൾ മനസുകൊണ്ട് ഒരു നൂറു തവണ നടന്നിട്ടുണ്ടാകും ആ വഴിയേ. ലിറ്റിൽ ഫ്ലവറിന്റെ ഇടനാഴികൾ എന്നും മുൻപോട്ടു കുതിക്കാൻ പ്രചോദനം നൽകുന്നവയാണ്. ജീവിതത്തിൽ നേടിയതൊക്കെയും അവിടുന്ന് കിട്ടിയ ആത്മവിശ്വാസത്തിലാണെന്നു പറയാതെ വയ്യ. പറന്നുയരാനും ചിറകടിച്ചു പറക്കാനും എന്നെ പ്രാപ്തയാക്കിയ വിദ്യാലയങ്ങൾ. മനസിന്റെ ആഗ്രഹപ്പട്ടികയിൽ എന്നും ഇടം പിടിച്ചിട്ടുള്ളവ. ഓരോ തവണ കാണാൻ ആഗ്രഹിച്ചു അവളിലേക്ക് ഓടിയടുക്കുമ്പോളും എനിക്ക് മനസിലാകും പ്രായം എനിക്കെ കൂടുന്നുള്ളു അവളിപ്പോഴും ചെറുപ്പക്കാരി ആണെന്ന്. അന്നത്തെ ശോഭ ഒട്ടും മായാതെ അവരിപ്പോഴും എന്നെപോലെ ആയിരങ്ങൾക്കും പതിനായിരങ്ങൾക്കും അറിവ് പകർന്നു കൊടുക്കുകയാണ്, വിദ്യാലയമുത്തശ്ശികളാണ്.
4 comments
SUPER......
ReplyDeleteNot bad
ReplyDeleteNice writing.. Can see the excitement and happines of writer throughout the lines...☺️
ReplyDeleteThank you so much😊
Delete