ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ ?


ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഡോക്ടറെ, ഇപ്പോൾ കുറെ ദിവസങ്ങളായിട്ടു ഇങ്ങനെ തന്നെയാണ് തീരെ ഉറക്കം കിട്ടുന്നില്ല. 

വല്ലാത്ത ക്ഷീണം ആണ് ഡോക്ടറെ.

ഇതുപോലെയുള്ള പല കേസുകളും വിരൽ ചൂണ്ടുന്നത് വിറ്റാമിൻ ഡി കുറവുപോലെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ ഈ വിറ്റാമിനെപ്പറ്റി കേൾക്കുന്നു. എന്താണ് വിറ്റാമിൻ ഡി ? എന്തുകൊണ്ട് ഇപ്പോൾ ഇത് കുറയുന്നു?

 കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടാണ് വിറ്റാമിൻ ഡി ടെസ്റ്റുകൾ കൂടുതലായി ചെയ്തു തുടങ്ങിയത്. നമ്മുടെ ശരീരത്തിലെ സന്ധി അനുബന്ധ പ്രശ്നങ്ങൾക്കും, ഹോർമോൺ അനുബന്ധ പ്രശ്നങ്ങൾക്കും പുറകിൽ വില്ലനായി വിറ്റാമിൻ ഡി ഉണ്ടെന്നു കണ്ടെത്തിയിട്ടു ഏറെ നാളായില്ല.

നമ്മുടെ  ശരീരത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു ഫാറ്റ് സോലുബിൾ (Fat Soluble ) വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. ഫാറ്റ് സോലുബിൾ എന്ന് പറഞ്ഞാൽ കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ എന്നാണ് അർഥം. അതുപോലെതന്നെ വിറ്റാമിൻ ഡി ഒരു പ്രൊ ഹോർമോൺ കൂടിയാണ്. പ്രൊ ഹോർമോൺ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിലെ പല ഹോർമോണുകളും ശരിയായി പ്രവർത്തിക്കാൻ വിറ്റാമിൻ ഡി ആവശ്യമാണ്. സൺഷൈൻ വിറ്റാമിൻ എന്നുകൂടെ ഇതിനു പേരുണ്ട്. സൂര്യപ്രകാശം ആണ് പ്രധാന ഉറവിടം. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നമ്മുടെ ത്വക് ആണ് ഈ വിറ്റാമിൻ ഉല്പാദിപ്പിക്കുന്നത്. കിഡ്‌നിയുടെ പ്രവർത്തനം വഴിയാണ് ഇത് നമ്മുടെ ശരീരത്തിൽ ആക്റ്റീവ് ഫോമിലേക്ക് എത്തുന്നത്.

സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന കേരളം പോലെയുള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന നമ്മുക്ക് ഇങ്ങനെ ഈ വിറ്റാമിൻ കുറവ് വരുന്നു എന്ന് ചിന്തിക്കുമ്പോൾ പ്രധാനമായും 2 കാര്യങ്ങളാണ് എടുത്തു കാണിക്കുന്നത്. ഒന്നാമതായി നമ്മുടെ മാറിയ ഭക്ഷണശൈലി, രണ്ടാമതായി നമ്മുടെ ജീവിതരീതി. വെയിലത്ത് നിന്നും മാറി മുറിക്കുള്ളിൽ തന്നെ ഇരുന്നുള്ള ജീവിതരീതിയും അതുപോലെ തന്നെ വെയിലത്തു ഇറങ്ങുമ്പോൾ സൺ സ്ക്രീൻ ക്രീമുകൾ പോലുള്ളവയുടെ അമിത ഉപയോഗവും നമ്മെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇപ്പോൾ ഭൂരിഭാഗം ആളുകളും വർക്ക് ഫ്രം ഹോം പോലുള്ളവയാണ് പിന്തുടരുന്നത് അതുകൊണ്ടു തന്നെ വിറ്റാമിന് ഡി കുറവുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും കൂടുതലാണ്. വിറ്റാമിന് ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ ഉപയോഗത്തിന്റെ കുറവും ഇതിനു വഴിയൊരുക്കുന്നു. ഇവ രണ്ടുമല്ലാതെ വേറെ ചില കാരണങ്ങൾ കൂടെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ അമിതമായ പ്ലാസ്റ്റിക് ഉപയോഗവും വിറ്റാമിന് ഡി കുറവ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലേക്കു കൊണ്ടെത്തിക്കുന്നു. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന  Bisphenol A എന്ന കെമിക്കൽ വിറ്റാമിന് ഡിയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ ഒക്കെ ഈ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ചൂട് വെള്ളം നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുകയും അവ കുടിക്കുകയും ചെയ്യുന്നത് വഴിയോ, ചൂടുള്ള ഭക്ഷണസാധനങ്ങൾ ഇതുപോലെയുള്ള പാത്രങ്ങളിൽ സൂക്ഷിക്കുന്നത് വഴിയോ ഈ കെമിക്കൽ നമ്മുടെ ശരീരത്തിൽ എത്താൻ സാധ്യതയുണ്ട്.

എങ്ങനെയാണു നമ്മുക്ക് വിറ്റാമിൻ ഡി ലഭിക്കുന്നത്? ത് കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ആയതിനാൽ തന്നെ കൊഴുപ്പുള്ള മൽസ്യങ്ങൾ, മത്തി, അയല പോലുള്ളവ ,മുട്ട, പാൽ എന്നിവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇവ കൂടുതലായും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്. ഇവ ശരിയായ അളവിൽ നമ്മുടെ ശരീരത്തിൽ എത്തിയാലും നമ്മുടെ കിഡ്‌നിയാണ് ഇവയെ ക്രമപ്പെടുത്തുന്നത്. അതിനാൽ തന്നെ നമ്മുടെ കിഡ്‌നിയുടെ ശരിയായ  പ്രവർത്തനം ആവശ്യമാണ്. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർ, മദ്യപാനം പോലെയുള്ള ജീവിത രീതികൾ പിന്തുടരുന്നവർക്കു  വിറ്റാമിൻ ഡി കുറവ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എന്തൊക്കെ ലക്ഷണങ്ങളിൽ നിന്ന് മനസിലാക്കാം നമ്മുക്ക് വിറ്റാമിൻ ഡി കുറവുണ്ടെന്ന്? അമിതമായ ക്ഷീണം, ഉറക്കക്കുറവ്, കൈകളിലും കാലുകളിലും വേദന അല്ലെങ്കിൽ കഴപ്പ്, മുടി കൊഴിച്ചിൽ, സന്ധി വേദന എന്നിവയാണ് പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങൾ. 

ബ്ലഡ് ടെസ്റ്റ് വഴിയാണ് വിറ്റാമിൻ ഡി ശരീരത്തിൽ കുറവുണ്ടോ എന്ന് നമ്മൾ കണ്ടുപിടിക്കുന്നത്. സാധാരണയായി മറ്റു രക്ത പരിശോധനകളെ അപേക്ഷിച്ചു  ചെലവ് കൂടിയ പരിശോധനയാണ് വിറ്റാമിൻ ഡിയുടേത്. വിറ്റാമിൻ ഡി ആവശ്യത്തിന് ശരീരത്തിൽ ലഭിക്കാനായി നമ്മുക്ക് എന്തൊക്കെ ചെയ്യാം? കുട്ടികൾ ആണെങ്കിൽ അവരെ പുറത്തേക്കു കളിക്കാൻ വിടുക, പ്രായമായവരോ ചെറുപ്പക്കാരോ ആണെങ്കിൽ പുറത്തു നടക്കാൻ  പോവുക ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അരമണിക്കൂർ നേരം നടന്നാൽ, നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെയിൽ തട്ടിച്ചാൽ അതുകൊണ്ടു തന്നെ ആവശ്യത്തിന് വിറ്റാമിൻ ഡി നമുക്കു ലഭിക്കും. ടക്കാൻ പോകുമ്പോൾ കൈയും മുഖവും പോലെയുള്ള ശരീരഭാഗങ്ങളിൽ  ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സൂര്യൻ ഉദിച്ചു 2 മണിക്കൂറിനു ഉള്ളിലും സൂര്യൻ അസ്തമിക്കുന്നതിനു 2 മണിക്കൂർ മുൻപുമുള്ള വെയിൽ ഏൽക്കുന്നതാണ് ഉത്തമം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വളർന്നു വരുന്ന കുട്ടികൾ, വെജിറ്റേറിയൻസ് എന്നീ വിഭാഗം ആളുകൾക്ക് വിറ്റാമിൻ ഡി കൂടുതലായി ആവശ്യമുണ്ട്, ഇങ്ങനെയുള്ളവർക്കാണ് സാധാരണയായി ഡോക്ടർമാർ വിറ്റാമിൻ ഡി സപ്പ്ളിമെൻറ്സ് എടുക്കാൻ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ഡോക്ടർ ആവശ്യപ്പെടാതെ ഒരിക്കലും സപ്പ്ളിമെൻറ്സ് എടുക്കേണ്ട ആവശ്യമില്ല.

 പറമ്പിൽ ഇറങ്ങി കളിച്ചിരുന്ന, പണിയെടുത്തിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ട്, ഇനിയെങ്കിലും പഴമയിലേക്കു മടങ്ങാം ആരോഗ്യമുള്ളവരായി ജീവിക്കാം.

4 comments