Dr.Fyna's Healing Hands
  • Home
  • category
    • ആരോഗ്യം
    • ഞാൻ കണ്ട ലോകം
    • തൂലിക
  • Contact Me

ആരോഗ്യം

ഞാൻ കണ്ട ലോകം

തൂലിക



നാടുവിട്ടു കാനഡക്കു പറന്നെങ്കിലും ചേച്ചിയോട് സംസാരിക്കാൻ തോന്നിയാൽ അപ്പോൾ തന്നെ സംസാരിക്കണം അതാണ് പണ്ടേയുള്ള ശീലം. അങ്ങനെ സംസാരിക്കാൻ ആഗ്രഹിച്ചു ഇന്നലെ  ഞാൻ വിളിച്ചു, ഫോൺ എടുത്തു വിശേഷങ്ങൾ പറയാൻ തുടങ്ങി. സംസാരത്തിനിടയിൽ ചേച്ചി മൂത്ത മകനെ എന്തൊക്കെയോ വഴക്കു പറയുകയും അവൻ തിരിച്ചു എന്തൊക്കെയോ പറയുകയും ചെയ്യുണ്ട്. ഗതികെട്ട്  ചേച്ചി അഞ്ചു മിനിറ്റ് ഇപ്പോൾ വരാം എന്നും പറഞ്ഞു പോയി, തിരിച്ചു വന്ന ചേച്ചിയോട് എന്താ കാര്യം എന്ന് തിരക്കി, വളർത്തുവാണെങ്കിൽ ആൺപിള്ളേരെ വളർത്തണം എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു. സാധനം വാങ്ങാൻ പോയി വന്നപ്പോൾ കടയിൽ നിന്നും പ്ലാസ്റ്റിക് ബാഗുമായി വന്നതാണ് പ്രശ്നം. അവസാനം അവനെ കൊണ്ട് നാളെ വേസ്റ്റ് കളയിപ്പിക്കും എന്ന തീരുമാനത്തിൽ പ്രശ്നം പരിഹരിച്ചു.

പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതം നമുക്കിന്നു ആലോചിക്കാൻ കൂടെ ആവില്ല എന്നതാണ് സത്യം. പഴയ തലമുറ  ഉപയോഗിച്ചിരുന്ന തടിയുടെയും മണ്ണിന്റെയും പാത്രങ്ങൾ മാറി പ്ലാസ്റ്റിക് പാത്രങ്ങളായി, പാത്രങ്ങൾ മാത്രമല്ല ഏറെക്കുറെ എല്ലാ മേഖലകളിലും ഇന്ന് പ്ലാസ്റ്റിക് കടന്നുവന്നു. നിത്യജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളെപ്പറ്റി ശരിയായ അറിവ് നമുക്കുണ്ടോ ഇന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക് ഉപയോഗത്തിൽ തന്നെ മനുഷ്യനു നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്നതും എന്നാൽ ഭക്ഷണസാധനകളുമായി കൂടുതൽ അടുപ്പം വരാൻ പാടില്ലാത്തതും,വീണ്ടും ഉപയോഗിക്കാൻ പാടില്ലാത്തതും,വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതും ഏതൊക്കെയാണെന്ന് തിരിച്ചറിയാനും അതനുസരിച്ചു ഉപയോഗിക്കുന്നതിനും വേണ്ടി പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില നമ്പറുകൾ ഉണ്ട്, ഇവയെ റെസിൻ ഐഡന്റിഫിക്കേഷൻ കോഡ് (Resin Identification code ) എന്നാണ് പറയുന്നത്.1988 മുതലാണ് ഇവ ഉപയോഗിച്ച് തുടങ്ങുന്നത്. 1 മുതൽ 7 വരെയാണ് ഈ നമ്പറുകൾ ഉണ്ടാകുന്നത്. പാത്രങ്ങളുടെയും മറ്റു പ്ലാസ്റ്റിക് വസ്തുക്കളുടെയും അടിയിൽ ത്രികോണ ആകൃതിക്കുള്ളിലാണ് ഈ നമ്പറുകൾ രേഖപ്പെടുത്തുന്നത്.


1 . PETE Or PET (Polyethylene terephthalate ) :നമ്മൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിഭാഗമാണ് ഇവ. മിനറൽ വാട്ടർ കുപ്പികൾ, പലതരം പാനീയങ്ങൾ വരുന്ന കുപ്പികൾ, അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന ജാറുകൾ, എന്നിവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നതാണ് . ഈ വിഭാഗത്തിൽ പെടുന്ന പ്ലാസ്റ്റിക്കുകൾ ഒരു തവണ ഉപയോഗിച്ച് കളയാൻ വേണ്ടി നിർമിച്ചിരിക്കുന്നവയാണ്. ഇവ ചൂടാക്കാനോ, ചൂടുള്ള ഭക്ഷണ സാധനങ്ങൾ ഇവയിൽ സൂക്ഷിക്കാനോ പാടുള്ളതല്ല. മിനറൽ വാട്ടർ വാങ്ങുന്ന കുപ്പികൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അവയിൽ ചൂടുള്ള വെള്ളം എടുക്കുന്നതും ആരോഗ്യപരമായ ശീലമല്ല. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും കൊണ്ടുപോകാൻ വാങ്ങുന്ന വെള്ളം കുപ്പികളും ഈ വിഭാഗത്തിൽ പെടുന്നവയാണ്, ഇങ്ങനെയുള്ള കുപ്പികൾ ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെയുള്ള വിഭാഗത്തിൽപെട്ട പാത്രങ്ങളും വസ്തുക്കളും ഉപയോഗിച്ച ശേഷം നശിപ്പിച്ചു ഉപേക്ഷിക്കാനും, അവ വീണ്ടും പുനരുത്പാദന പ്രക്രിയ  നടത്തി ഉപയോഗിക്കാനും വേണ്ടി നിർമ്മിച്ചിട്ടുള്ളവയാണ്.


2 . HDPE Or PE - HD (High density polyethylene ) : പാൽ വരുന്ന കുപ്പികൾ, ബാഗുകൾ, കുട്ടികൾക്കുള്ള കുപ്പികൾ എന്നിവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. നമ്പർ 1 നെ അപേക്ഷിച്ചു ഇവ കുറച്ചു കൂടെ ആരോഗ്യപരമാണ്. ഭക്ഷണം സൂക്ഷിക്കാനും മറ്റു ആവശ്യങ്ങൾക്കും ഇവയെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.


3 . PVC (Polyvinyl chloride ) : ഏറ്റവും കൂടുതലായി നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിഭാഗമാണിത്. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന പ്ലംബിംഗ് സാധനങ്ങൾ, വയറിംഗ് സാധനങ്ങൾ, കസേരകൾ, പല ഗൃഹോപകരണങ്ങൾ, പെട്ടന്ന് പൊട്ടാത്ത തരം പ്ലാസ്റ്റിക് വസ്തുക്കൾ ഒക്കെ തന്നെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇവയിൽ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ദോഷകരമാണ്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ഈ വിഭാഗത്തിൽ പെടുന്നതല്ലെന്നു ഉറപ്പുവരുത്തുക.


4 .LDPE (Low density polyethylene ) : മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു ആരോഗ്യകരമായി ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ആണ് ഇവ. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, സ്കൂൾ ബാഗുകൾ, സാധാരണയായി ഉപയോഗിക്കുന്ന ചോറ് പാത്രങ്ങൾ ഒക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്.

5 . PP ( Polypropylene ) : ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന വിഭാഗമാണിത്.  ചൂട് താങ്ങാൻ കഴിവുള്ള ഈ വിഭാഗം പ്ലാസ്റ്റിക് നമ്മുക്ക് ആരോഗ്യകരമായി ഉപയോഗിക്കാവുന്നതാണ്. വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന കുപ്പികൾ, കുട്ടികൾക്കുള്ള കുപ്പികൾ, മൈക്രോവേവ് ഓവനിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ പോലുള്ളവ ഈ വിഭാഗത്തിൽ പെടുന്നവയാണ്.

6 . PS (Polystyrene ) : ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് പോലുള്ളവയൊക്കെ നിർമിക്കുന്നത് ഈ വിഭാഗത്തിൽ പെട്ട പ്ലാസ്റ്റിക് കൊണ്ടാണ്. ആരോഗ്യകരമായി ഉപയോഗിക്കാവുന്ന വിഭാഗം പ്ലാസ്റ്റിക് അല്ല ഇവ. കാൻസർ പോലെയുള്ള പല രോഗങ്ങൾക്കും ഇവയുടെ ഉപയോഗം വഴിതെളിക്കുന്നു.

7 . OTHERS (Polycarbonate )  : ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന വിഭാഗം ആണ് ഇവ. ഈ വിഭാഗം പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലോ വെള്ളത്തിലോ യാതൊരു കാരണവെച്ചാലും കലരാത്ത തരത്തിലുള്ള ആവശ്യങ്ങൾക്ക് മാത്രമേ നമ്മൾ ഉപയോഗിക്കാവൂ. കുട്ടികൾക്കുള്ള ഫീഡിങ് ബോട്ടിൽ മുതൽ മുതിർന്ന ആളുകൾ ഉപയോഗിക്കുന്ന വെള്ളം കുപ്പികളിൽ വരെ നമ്പർ 7 രേഖപെടുത്തിയിരിക്കുന്നതായി കാണാറുണ്ട് ഇവ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വിഭാഗം ആണെന്ന് ഓർമയിൽ സൂക്ഷിക്കുക.

 പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും പോലുള്ളവ വാങ്ങുമ്പോൾ എപ്പോഴും നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. റെസിൻ ഐഡന്റിഫിക്കേഷൻ കോഡ് 2 , 4 , 5 രേഖപെടുത്തിയിരിക്കുന്നവയാണ് എപ്പോഴും നമുക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നവ. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം വലിയ ആപത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്ന് ഓർമയിൽ സൂക്ഷിക്കാം ഇവയെ വളരെ ശ്രദ്ധയോടെ ഉപയോഗിക്കാം






നീണ്ടനാളത്തെ കാത്തിരിപ്പിനും പ്രതീക്ഷക്കും ഒടുവിൽ കോവിഡ് വാക്‌സിൻ പൊതുജനങ്ങളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. 

വാക്‌സിനെപ്പറ്റി നമ്മൾ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം? ആരൊക്കെ വാക്‌സിൻ എടുക്കണം? ഏതു വാക്‌സിൻ ആണ് എടുക്കേണ്ടത്?  ഇങ്ങനെ പൊതുജനങ്ങളായ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്.

പ്രധാനമായും രണ്ടു വാക്‌സിൻ ആണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. ഒന്നാമത്തേത് കോവിഷിൽഡ്(covishield) മറ്റൊന്ന് കോവാക്സിൻ(covaxin).

കോവിഷിൽഡ് oxford യൂണിവേഴ്‌സിറ്റിയും  AstraZeneca എന്ന കമ്പിനിയും ചേർന്ന് ഉല്പാദിപ്പിക്കുന്നതാണ്. കോവാക്സിൻ ഭാരത് biotech ഉല്പാദിപ്പിക്കുന്നതാണ്. കോവിഷിൽഡ് ഒരു വെക്റ്റർ(vector)വാക്‌സിൻ ആണ്. വെക്റ്റർ വാക്‌സിൻ എന്നാൽ ചിമ്പാൻസിയിലും മറ്റും ജലദോഷം ഉണ്ടാക്കുന്ന ഒരു വൈറസിനെ വേർതിരിച്ചു കോവിഡിന്റെ spike proteine മാത്രം അതിനുള്ളിലേക്ക് കുത്തിവെച്ചു വാക്‌സിൻ രൂപപ്പെടുത്തി. അത് മനുഷ്യശരീരത്തിൽ കുത്തിവെച്ചു നമ്മുടെ ശരീരത്തിനെക്കൊണ്ട് തന്നെ കോവിഡിന് എതിരെ പ്രതിരോധശക്തി ഉണ്ടാക്കി എടുക്കുന്ന പ്രക്രിയയാണ് വെക്റ്റർ വാക്‌സിനിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ  കോവാക്സിനിൽ  നേരെ മറിച്ചു കോവിഡ്  വൈറസിനെ തന്നെ നിർവീര്യമാക്കി ഉപയോഗിച്ചരിക്കുകയാണ്.

വാക്‌സിൻ എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?

1 . വാക്‌സിൻ എടുത്തശേഷം 30 മിനിറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നിർബന്ധമായും വിശ്രമിക്കേണ്ടതാണ്. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന്‌ ഉറപ്പു വരുത്തിയ ശേഷം മാത്രം മടങ്ങുക.

2 . കോവിഡ് വാക്‌സിൻ എടുത്തശേഷം 14 ദിവസത്തേക്ക് മറ്റു വാക്‌സിനുകൾ എടുക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.

3 . ആദ്യ ഡോസ് വാക്‌സിൻ ഏതാണ് എടുത്തതെന്ന് ഓർമയിൽ സൂക്ഷിക്കുക രണ്ടാമത്തെ ഡോസ് വാക്‌സിനും അത് തന്നെയാണെന്ന് എടുക്കുന്നതിനു മുൻപ് തന്നെ ഉറപ്പുവരുത്തുക.

4 . രണ്ടാമത്തെ ഡോസ് വാക്‌സിനു ശേഷം 14 മുതൽ 28 ദിവസം വരെ വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ആരൊക്കെ വാക്‌സിൻ എടുക്കാൻ പാടില്ല എന്നുകൂടെ നമ്മൾ അറിഞ്ഞിരിക്കണം. ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ചു 3 വിഭാഗം ആളുകൾ ആണ് താൽകാലികമായി വാക്‌സിൻ എടുക്കാൻ പാടില്ലാത്തത്.

1 . ഏതെങ്കിലും മരുന്നുകൾ, ഭക്ഷണങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും വാക്‌സിനുകൾ എടുത്ത ശേഷം ഗുരുതരമായ അലർജി രോഗലക്ഷണങ്ങൾ രക്തസമ്മർദ്ദം കുറയുക, തലകറക്കം ഉണ്ടാവുക, ശ്വാസം മുട്ടൽ ഉണ്ടാവുക എന്നിവ ഒരിക്കലെങ്കിലും അനുഭവപ്പെടുകയും അതെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തവർ.

2 .18 വയസിനു താഴെയുള്ളവർ .

3 . ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും.

എന്തുകൊണ്ടാണ് ഈ വിഭാഗം ആളുകൾ താൽകാലികമായി വാക്‌സിൻ എടുക്കേണ്ട  ആവശ്യം ഇല്ല എന്ന് ആരോഗ്യമന്ത്രാലയം പറയുന്നത്?. ഈ  3 വിഭാഗം ആളുകളിലുമുള്ള വാക്‌സിൻ പരീക്ഷണത്തിന്റെ പഠന റിപ്പോർട്ട് ഇനിയും വന്നിട്ടില്ല എന്നതാണ് ഇതിനു കാരണം. പഠന റിപ്പോർട്ട് വന്നശേഷം വൈകാതെ തന്നെ ഈ വിഭാഗം ആളുകൾക്കും വാക്‌സിൻ ലഭ്യമാക്കും.

ഇപ്പോൾ പ്രധാനമായും 60 വയസിനു മുകളിൽ ഉള്ളവർക്കും 45 വയസിനു മുകളിൽ ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിനേഷൻ നല്കികൊണ്ടിരിക്കുന്നത്. എന്തൊക്കെയാണ് ഈ ജീവിതശൈലി രോഗങ്ങൾ, കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ, രക്തസമ്മർദ്ദം, പ്രമേഹം , വൃക്ക രോഗമുള്ളവർ, എന്തെങ്കിലും വിധത്തിലുള്ള കാൻസർ രോഗങ്ങൾക്കു ചികിത്സയിലുള്ളവർ, പ്രമേഹത്തോടൊപ്പം മറ്റു സങ്കീർണതകളുള്ളവർ എന്നിവയാണ്.

സർക്കാർ നിശ്ചയിച്ചിരിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും അതുപോലെ തന്നെ സർക്കാർ തിരഞ്ഞെടുത്തിരിക്കുന്ന കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ നിന്നും വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. സർക്കാർ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ നിന്നും സൗജന്യമായും, സർക്കാർ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ നിന്ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന ഫീസ് അടച്ചും വാക്‌സിൻ എടുക്കാവുന്നതാണ്. മുകളിൽ പറഞ്ഞ 2 വാക്‌സിനുകളിൽ ഏതാണ് എടുക്കാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമോ എന്നുള്ളത് എല്ലാവരുടെയും സംശയമാണ്. രജിസ്റ്റർ ചെയ്യുമ്പോൾ വാക്‌സിനേഷനെപ്പറ്റി കൃത്യമായ വിവരങ്ങൾ നൽകുമെങ്കിലും ഏതു തരം വാക്‌സിൻ ആണ് എടുക്കുന്നതെന്നു നമുക്ക്  മുൻകൂട്ടി അറിയാൻ സാധിക്കില്ല.

നമ്മുടെ സ്വയ സംരക്ഷണത്തോടൊപ്പം നമുക്ക് ചുറ്റുമുള്ളവരെ കൂടി കൊറോണ വൈറസിൽ നിന്നും വാക്‌സിൻ എടുക്കുന്നത് വഴി സംരക്ഷിക്കാൻ കഴിയും എന്നുള്ളത് ഓർമയിൽ സൂക്ഷിക്കാം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചു ശരിയായ സമയത്തു വാക്‌സിനേഷന്റെ ഭാഗമാകാം.





 കുറച്ചു പഴയ കഥയാണ്. വല്യമ്മച്ചിയും ഞാനും ഒരുമിച്ചാണ് കിടക്കുന്നത്. ഉറക്കം വരുവോളം കഥകൾ പറഞ്ഞു തരും, പാട്ടുകൾ പാടി തരും, വഴക്കുണ്ടാകും. ചുരുക്കം പറഞ്ഞാൽ അമ്മച്ചി ഒരു സംഭവം ആയിരുന്നു. ഇന്നും മനസ്സിൽ പതിഞ്ഞു നിൽക്കുന്ന ഒട്ടേറെ കാര്യങ്ങൾ അമ്മച്ചി പറഞ്ഞു തന്നിട്ടുള്ളവയാണ്. ചെറുപ്പം മുതൽ ഞങ്ങളെ രണ്ടുപേരെയും ഒരുപാടു നോക്കി വളർത്തിയിട്ടുണ്ട് അമ്മച്ചിയും അപ്പച്ചനും. ഈ കാണുന്ന പച്ച പാവം മനുഷ്യരൊന്നുമല്ലായിരുന്നു ഞങ്ങൾ അന്ന്, സാമാന്യം നല്ല കുരുത്തക്കേടുകൾ ആയിരുന്നു. ഒരു ദിവസം രാത്രി ഇതുപോലെ കഥകളും കാര്യങ്ങളുമൊക്കെ പറഞ്ഞു ഞങ്ങൾ കിടക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നും വെളിയനാടിനു അമ്മച്ചിയെ അപ്പച്ചൻ കെട്ടിക്കൊണ്ടു വന്ന സംഭവബഹുലമായ കഥയായിരുന്നു അന്ന്. ഒരു പതിനായിരം തവണ കേട്ട കഥ ആയതുകൊണ്ടാണോ എന്നറിയില്ല മിന്നു കെട്ടിന് മുൻപേ തന്നെ ഞാൻ ഉറക്കം പിടിച്ചു. പാതിരാത്രിയിൽ വലിയ ഒരു ശബ്‍ദം കേട്ടാണ് ഞാൻ 
എഴുന്നേറ്റത്. ആദ്യത്തെ നോട്ടം തൊട്ടടുത്ത കട്ടിലിലേക്കാണ്, അമ്മച്ചി അവിടെ ഇല്ല. ശ്വാസം അടക്കി പിടിച്ചു നേരെ ബാത്റൂമിലേക്കു ഓടി. അമ്മച്ചി അവിടെ തെന്നി വീണതാണ് ഒച്ചകേട്ടത്. എല്ലാവരും  ഓടിയെത്തിയതും ആശുപത്രിയിൽ കൊണ്ടുപോയതുമൊക്കെ പെട്ടന്നായിരുന്നു. വേദനകൊണ്ടു അമ്മച്ചി വല്ലാതെ കരയുന്നുണ്ടായിരുന്നു. കണ്ടുനിന്നവരെല്ലാം  അപ്പോൾ തന്നെ തീരുമാനിച്ചു ഉറപ്പായും കാലിനു പൊട്ടൽ ഉണ്ടാകും എന്ന്, നമ്മൾ അന്ന് ഇതൊന്നും പഠിച്ചിട്ടില്ലല്ലോ അതുകൊണ്ടു വലിയ പിടിയും ഉണ്ടായിരുന്നില്ല. കാലിന്റെ എല്ലിന് കാര്യമായ പൊട്ടൽ ഉണ്ടായിരുന്നു ആഴ്ചകളോളം കാലിൽ പ്ലാസ്റ്റർ വേണ്ടി വന്നു. അങ്ങനെ പ്ലാസ്റ്റർ എടുക്കാൻ ഡോക്ടർ പറഞ്ഞ ദിവസം വന്നു, കാലിന്റെ വേദനക്ക് കാര്യമായ മാറ്റം ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ ആശുപത്രിയിൽ എത്തി. X ray എടുത്തു നോക്കി, കാലിന്റെ പൊട്ടൽ അതുപോലെ തന്നെ  ഉണ്ടെന്നു ഡോക്ടർ പറഞ്ഞു. കാൽസ്യം കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞു  മരുന്നും കുറിച്ചു. ആഴ്ചകൾ വീണ്ടും മുൻപോട്ടു പോയി വേദന പഴയപോലെ തന്നെ തുടർന്നു. ഇടയ്ക്കു പല തവണ ആശുപത്രി കയറി ഇറങ്ങേണ്ടി വന്നു. കാൽസ്യം കുറവിന് ഒരു കൂട്ടിനു വേണ്ടി വിറ്റാമിന് ഡി യും, ബാക്കിയുള്ള കാര്യങ്ങളും കടന്നു വന്നു. മാസങ്ങൾ വേണ്ടി വന്നു വേദന മാറാനും കാലു ശരിയാകാനും. പിന്നെ ഞങ്ങൾ രണ്ടുപേരും പറഞ്ഞു കൊണ്ടിരുന്ന സാധാരണ കഥകൾ മാറി, വീണു കാലൊടിഞ്ഞപ്പോൾ അനുഭവിച്ച വേദന വല്ലാത്തൊരു മെഗാ സീരിയൽ ആയി തുടർന്നു. അനുഭവിച്ച വേദനയും കഷ്ടപ്പാടും ഒന്നും ചില്ലറ അല്ല താനും. 

കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ വിറ്റാമിൻ ഡിയെപ്പറ്റി കൂടുതൽ ആയി കേൾക്കുന്നു. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു ഫാറ്റ് സോലുബിൾ വിറ്റാമിൻ ആണ് വിറ്റാമിൻ ഡി അതുപോലെ തന്നെ വിറ്റാമിൻ ഡി ഒരു പ്രൊ ഹോർമോൺ കൂടിയാണ്. നമ്മുടെ ശരീരത്തിലെ മറ്റു പല ഹോർമോണുകളും പ്രവർത്തിക്കാൻ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡിയും നമ്മുടെ ശരീരത്തിലെ കാൽസ്യം ആഗിരണവുമായി വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് പലർക്കും അറിവില്ല എന്നതാണ് സത്യം. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും വിറ്റാമിൻ ഡി അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ കാൽസ്യം ഉണ്ടെങ്കിലും വിറ്റാമിൻ ഡി കുറവാണെങ്കിൽ അതുകൊണ്ടു ഒരു പ്രയോജനവുമില്ല, കാരണം കാൽസ്യം നമ്മുടെ ശരീരത്തിൽ ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി കൂടിയേതീരൂ. സന്ധിഅനുബന്ധ പ്രശ്നങ്ങൾക്കും ഹോർമോൺ അനുബന്ധ പ്രശ്നങ്ങൾക്കും പുറകിൽ വില്ലനായി വിറ്റാമിൻ ഡി ഉണ്ടെന്നു കണ്ടെത്തിയിട്ടു ഏറെ നാളായില്ല. സന്ധി വേദനകൾക്കും ഓസ്റ്റിയോപോറോസിസ് അഥവാ എല്ലു തേയ്മാനം  എന്ന അവസ്ഥക്കും കാരണമാകുന്നതിൽ വിറ്റാമിൻ ഡിയുടെ കുറവ് പ്രധാന കാരണമാണ്.

സൂര്യപ്രകാശം ആണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നമ്മുടെ ത്വക് ആണ് ഈ വിറ്റാമിൻ ഉല്പാദിപ്പിക്കുന്നത്. കിഡ്‌നിയുടെ പ്രവർത്തനം വഴിയാണ് ഇത് നമ്മുടെ ശരീരത്തിൽ പ്രവർത്തനക്ഷമമാകുന്നത്. ഇന്ന് കൊച്ചുകുട്ടികൾ മുതൽ  പ്രായമായവർക്ക് വരെ വിറ്റാമിൻ ഡിയുടെ കുറവ് പല തരത്തിലുള്ള രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് ചർമ്മത്തിലുണ്ടാവുന്ന അലർജികൾക്കും, ചില പ്രതേക തരം ക്യാന്സറുകൾക്കും  വരെ കാരണമാകാറുണ്ട്. എങ്ങനെയാണു നമ്മുക്ക് വിറ്റാമിന് ഡി ലഭിക്കുന്നത്? കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ആയതിനാൽ തന്നെ കൊഴുപ്പുള്ള മൽസ്യങ്ങൾ മത്തി, അയില പോലുള്ളവ, മുട്ട, പാൽ എന്നിവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇവ കൂടുതലായും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്. സൂര്യപ്രകാശം ഏൽക്കുന്നതു ആരോഗ്യത്തിന് നല്ലതാണെന്നു നമ്മൾ കേട്ടിട്ടുണ്ടല്ലോ, എന്നാൽ പുതിയ പഠനങ്ങൾ അനുസരിച്ചു വെയിൽ ഏൽക്കുന്നത് വഴി ചർമത്തിന് ക്യാൻസർ പോലുള്ളവ ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതിനാൽ തന്നെ വെയിൽ ഏൽക്കാൻ രോഗികളോട്‌ നിർദ്ദേശിക്കാൻ ഡോക്ടർമാർ പോലും ഇന്ന് മടിക്കുന്നു.  ഈ സാഹചര്യത്തിൽ നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യം വർഷത്തിൽ ഒരിക്കൽ എങ്കിലും മറ്റു രക്തപരിശോധനകൾക്കൊപ്പം വിറ്റാമിന് ഡി പരിശോധിക്കുകയും ആവശ്യമെങ്കിൽ സപ്പ്ളെമെന്റ്സ് എടുക്കുകയും ചെയ്യുക.

 ഫാറ്റ് സോലുബിൾ വിറ്റാമിനുകൾ അഥവാ കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ഡി പോലുള്ളവ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ മരുന്നുകളുടെ രൂപത്തിലോ എടുക്കുമ്പോൾ അവയുടെ മുഴുവൻ ഗുണവും നമ്മുക്ക് കിട്ടണം എങ്കിൽ അവ കൊഴുപ്പടങ്ങിയ ഭക്ഷണത്തിനോടൊപ്പം എടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇവയെ നമ്മുടെ ശരീരം ശരിയായി ആഗിരണം ചെയ്യില്ല. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രധാനപ്പെട്ട ഉറവിടം എന്നിരിക്കിലും നല്ല രീതിയിൽ സൂര്യപ്രകാശം കൊള്ളുന്നവരിൽ പോലും വിറ്റാമിൻ ഡി കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചു പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ബ്രൗൺ നിറമുള്ള നമ്മുടെ ത്വക്കിൽ വിറ്റാമിന് ഡി ആഗിരണം കുറവാണെന്നും പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വളർന്നു വരുന്ന കുട്ടികൾ, വെജിറ്റേറിയൻസ് എന്നീ വിഭാഗം ആളുകൾക്ക് വിറ്റാമിൻ ഡി കൂടുതലായി ആവശ്യമുണ്ട്. ഇങ്ങനെയുള്ളവർക്കാണ് സാധാരണയായി ഡോക്ടർമാർ സപ്പ്ളെമെന്റ്സ് എടുക്കാൻ ആവശ്യപ്പെടുന്നത്. 40 വയസിനു മുകളിൽ ഉള്ളവരിൽ ബാക്കി ഉള്ളവരെ അപേക്ഷിച്ചു കാൽസ്യം ആഗിരണം കുറവായിരിക്കും അതിനാൽ 40 വയസിനു മുൻപ് തന്നെ വിറ്റാമിന് ഡി പോലുള്ളവ പരിശോധിക്കാനും ആവശ്യമെങ്കിൽ മരുന്നുകൾ എടുക്കാനും നമ്മൾ ശ്രദ്ധ ചെലുത്തണം. നിങ്ങളുടെ ഡോക്ടർ ആവശ്യപ്പെടാതെ ഒരിക്കലും ഇവ എടുക്കേണ്ട ആവശ്യമില്ല.

അമിതമായ ക്ഷീണം, ഉറക്കക്കുറവ്, കൈകളിലും കാലുകളിലും വേദന അല്ലെങ്കിൽ കഴപ്പ്, മുടി കൊഴിച്ചിൽ, സന്ധിവേദന എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. എല്ലുകളുടെ ആരോഗ്യം കുറയുകയും എല്ലുകൾ കൂടുതൽ മൃദുവാകുകയും ചെയ്യുന്നത് വഴി ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ബ്ലഡ് ടെസ്റ്റുകളെ അപേക്ഷിച്ചു ചെലവ് കൂടിയ പരിശോധനയാണ് വിറ്റാമിന് ഡിയുടേത്. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ശരിയായ രോഗനിർണയവും ചികിത്സയും അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ ആവശ്യകത തിരിച്ചറിയുകയും അവ ശരിയായ അളവിൽ ലഭിക്കാനുള്ള മാർഗ്ഗങ്ങൾ പിന്തുടരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.  വിറ്റാമിൻ ഡി ശരിയായ അളവിൽ നമ്മുടെ ശരീരത്തിൽ എത്തിയാലും നമ്മുടെ കിഡ്‌നിയാണ് ഇവയെ ക്രമപ്പെടുത്തുന്നത്. അതിനാൽ തന്നെ നമ്മുടെ കിഡ്‌നിയുടെ ശരിയായ  പ്രവർത്തനം ആവശ്യമാണ്. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും,  മദ്യപാനം പോലെയുള്ള ജീവിത രീതികൾ പിന്തുടരുന്നവർക്കും വിറ്റാമിൻ ഡി കുറവ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കൃത്യമായി പരിശോധനകൾ നടത്തുകയും, രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടാനും ശ്രദ്ധിക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം ആരോഗ്യമുള്ളവരായി ജീവിക്കാം.



ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഡോക്ടറെ, ഇപ്പോൾ കുറെ ദിവസങ്ങളായിട്ടു ഇങ്ങനെ തന്നെയാണ് തീരെ ഉറക്കം കിട്ടുന്നില്ല. 

വല്ലാത്ത ക്ഷീണം ആണ് ഡോക്ടറെ.

ഇതുപോലെയുള്ള പല കേസുകളും വിരൽ ചൂണ്ടുന്നത് വിറ്റാമിൻ ഡി കുറവുപോലെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ ഈ വിറ്റാമിനെപ്പറ്റി കേൾക്കുന്നു. എന്താണ് വിറ്റാമിൻ ഡി ? എന്തുകൊണ്ട് ഇപ്പോൾ ഇത് കുറയുന്നു?

 കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടാണ് വിറ്റാമിൻ ഡി ടെസ്റ്റുകൾ കൂടുതലായി ചെയ്തു തുടങ്ങിയത്. നമ്മുടെ ശരീരത്തിലെ സന്ധി അനുബന്ധ പ്രശ്നങ്ങൾക്കും, ഹോർമോൺ അനുബന്ധ പ്രശ്നങ്ങൾക്കും പുറകിൽ വില്ലനായി വിറ്റാമിൻ ഡി ഉണ്ടെന്നു കണ്ടെത്തിയിട്ടു ഏറെ നാളായില്ല.

നമ്മുടെ  ശരീരത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു ഫാറ്റ് സോലുബിൾ (Fat Soluble ) വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. ഫാറ്റ് സോലുബിൾ എന്ന് പറഞ്ഞാൽ കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ എന്നാണ് അർഥം. അതുപോലെതന്നെ വിറ്റാമിൻ ഡി ഒരു പ്രൊ ഹോർമോൺ കൂടിയാണ്. പ്രൊ ഹോർമോൺ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിലെ പല ഹോർമോണുകളും ശരിയായി പ്രവർത്തിക്കാൻ വിറ്റാമിൻ ഡി ആവശ്യമാണ്. സൺഷൈൻ വിറ്റാമിൻ എന്നുകൂടെ ഇതിനു പേരുണ്ട്. സൂര്യപ്രകാശം ആണ് പ്രധാന ഉറവിടം. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നമ്മുടെ ത്വക് ആണ് ഈ വിറ്റാമിൻ ഉല്പാദിപ്പിക്കുന്നത്. കിഡ്‌നിയുടെ പ്രവർത്തനം വഴിയാണ് ഇത് നമ്മുടെ ശരീരത്തിൽ ആക്റ്റീവ് ഫോമിലേക്ക് എത്തുന്നത്.

സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന കേരളം പോലെയുള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന നമ്മുക്ക് ഇങ്ങനെ ഈ വിറ്റാമിൻ കുറവ് വരുന്നു എന്ന് ചിന്തിക്കുമ്പോൾ പ്രധാനമായും 2 കാര്യങ്ങളാണ് എടുത്തു കാണിക്കുന്നത്. ഒന്നാമതായി നമ്മുടെ മാറിയ ഭക്ഷണശൈലി, രണ്ടാമതായി നമ്മുടെ ജീവിതരീതി. വെയിലത്ത് നിന്നും മാറി മുറിക്കുള്ളിൽ തന്നെ ഇരുന്നുള്ള ജീവിതരീതിയും അതുപോലെ തന്നെ വെയിലത്തു ഇറങ്ങുമ്പോൾ സൺ സ്ക്രീൻ ക്രീമുകൾ പോലുള്ളവയുടെ അമിത ഉപയോഗവും നമ്മെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇപ്പോൾ ഭൂരിഭാഗം ആളുകളും വർക്ക് ഫ്രം ഹോം പോലുള്ളവയാണ് പിന്തുടരുന്നത് അതുകൊണ്ടു തന്നെ വിറ്റാമിന് ഡി കുറവുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും കൂടുതലാണ്. വിറ്റാമിന് ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ ഉപയോഗത്തിന്റെ കുറവും ഇതിനു വഴിയൊരുക്കുന്നു. ഇവ രണ്ടുമല്ലാതെ വേറെ ചില കാരണങ്ങൾ കൂടെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ അമിതമായ പ്ലാസ്റ്റിക് ഉപയോഗവും വിറ്റാമിന് ഡി കുറവ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലേക്കു കൊണ്ടെത്തിക്കുന്നു. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന  Bisphenol A എന്ന കെമിക്കൽ വിറ്റാമിന് ഡിയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ ഒക്കെ ഈ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ചൂട് വെള്ളം നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുകയും അവ കുടിക്കുകയും ചെയ്യുന്നത് വഴിയോ, ചൂടുള്ള ഭക്ഷണസാധനങ്ങൾ ഇതുപോലെയുള്ള പാത്രങ്ങളിൽ സൂക്ഷിക്കുന്നത് വഴിയോ ഈ കെമിക്കൽ നമ്മുടെ ശരീരത്തിൽ എത്താൻ സാധ്യതയുണ്ട്.

എങ്ങനെയാണു നമ്മുക്ക് വിറ്റാമിൻ ഡി ലഭിക്കുന്നത്? ഇത് കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ആയതിനാൽ തന്നെ കൊഴുപ്പുള്ള മൽസ്യങ്ങൾ, മത്തി, അയല പോലുള്ളവ ,മുട്ട, പാൽ എന്നിവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇവ കൂടുതലായും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്. ഇവ ശരിയായ അളവിൽ നമ്മുടെ ശരീരത്തിൽ എത്തിയാലും നമ്മുടെ കിഡ്‌നിയാണ് ഇവയെ ക്രമപ്പെടുത്തുന്നത്. അതിനാൽ തന്നെ നമ്മുടെ കിഡ്‌നിയുടെ ശരിയായ  പ്രവർത്തനം ആവശ്യമാണ്. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർ, മദ്യപാനം പോലെയുള്ള ജീവിത രീതികൾ പിന്തുടരുന്നവർക്കു  വിറ്റാമിൻ ഡി കുറവ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എന്തൊക്കെ ലക്ഷണങ്ങളിൽ നിന്ന് മനസിലാക്കാം നമ്മുക്ക് വിറ്റാമിൻ ഡി കുറവുണ്ടെന്ന്? അമിതമായ ക്ഷീണം, ഉറക്കക്കുറവ്, കൈകളിലും കാലുകളിലും വേദന അല്ലെങ്കിൽ കഴപ്പ്, മുടി കൊഴിച്ചിൽ, സന്ധി വേദന എന്നിവയാണ് പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങൾ. 

ബ്ലഡ് ടെസ്റ്റ് വഴിയാണ് വിറ്റാമിൻ ഡി ശരീരത്തിൽ കുറവുണ്ടോ എന്ന് നമ്മൾ കണ്ടുപിടിക്കുന്നത്. സാധാരണയായി മറ്റു രക്ത പരിശോധനകളെ അപേക്ഷിച്ചു  ചെലവ് കൂടിയ പരിശോധനയാണ് വിറ്റാമിൻ ഡിയുടേത്. വിറ്റാമിൻ ഡി ആവശ്യത്തിന് ശരീരത്തിൽ ലഭിക്കാനായി നമ്മുക്ക് എന്തൊക്കെ ചെയ്യാം? കുട്ടികൾ ആണെങ്കിൽ അവരെ പുറത്തേക്കു കളിക്കാൻ വിടുക, പ്രായമായവരോ ചെറുപ്പക്കാരോ ആണെങ്കിൽ പുറത്തു നടക്കാൻ  പോവുക ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അരമണിക്കൂർ നേരം നടന്നാൽ, നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെയിൽ തട്ടിച്ചാൽ അതുകൊണ്ടു തന്നെ ആവശ്യത്തിന് വിറ്റാമിൻ ഡി നമുക്കു ലഭിക്കും. നടക്കാൻ പോകുമ്പോൾ കൈയും മുഖവും പോലെയുള്ള ശരീരഭാഗങ്ങളിൽ  ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സൂര്യൻ ഉദിച്ചു 2 മണിക്കൂറിനു ഉള്ളിലും സൂര്യൻ അസ്തമിക്കുന്നതിനു 2 മണിക്കൂർ മുൻപുമുള്ള വെയിൽ ഏൽക്കുന്നതാണ് ഉത്തമം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വളർന്നു വരുന്ന കുട്ടികൾ, വെജിറ്റേറിയൻസ് എന്നീ വിഭാഗം ആളുകൾക്ക് വിറ്റാമിൻ ഡി കൂടുതലായി ആവശ്യമുണ്ട്, ഇങ്ങനെയുള്ളവർക്കാണ് സാധാരണയായി ഡോക്ടർമാർ വിറ്റാമിൻ ഡി സപ്പ്ളിമെൻറ്സ് എടുക്കാൻ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ഡോക്ടർ ആവശ്യപ്പെടാതെ ഒരിക്കലും സപ്പ്ളിമെൻറ്സ് എടുക്കേണ്ട ആവശ്യമില്ല.

 പറമ്പിൽ ഇറങ്ങി കളിച്ചിരുന്ന, പണിയെടുത്തിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ട്, ഇനിയെങ്കിലും പഴമയിലേക്കു മടങ്ങാം ആരോഗ്യമുള്ളവരായി ജീവിക്കാം.

Older Posts Home

ABOUT ME

വെള്ളവും വള്ളവും കഥപറയുന്ന, മണ്ണിന്റെ മണമുള്ള കുട്ടനാട്ടുകാരി.

POPULAR POSTS

  • കൊറോണയ്ക്ക് ഒരു അവസാനമുണ്ടാകുമോ ?
  • ഏതൊക്കെ പാത്രങ്ങളിൽ ഭക്ഷണം കഴിക്കാം?
  • നിങ്ങൾ ഇതുവരെ ഹോമിയോ പ്രതിരോധ മരുന്നെടുത്തില്ലേ?
  • ആശങ്കകളില്ലാതെ എങ്ങനെ അന്തർസംസ്ഥാന യാത്ര ചെയ്യാം
  • എന്താണ് രോഗപ്രതിരോധശേഷി ?
  • ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ ?
  • കാൽസ്യം കുറവാണോ? എങ്കിൽ തീർച്ചയായും ഇതുകൂടെ ശ്രദ്ധിക്കുക.
  • കോവിഡ് വാക്‌സിനേഷന് മുൻപ് ഇവ കൂടെ ശ്രദ്ധിക്കണേ......
  • കാനന സുന്ദരി ............
  • പുളിങ്കുന്ന് എന്ന മായാജാലക്കാരി

Categories

  • ആരോഗ്യം
  • ഞാൻ കണ്ട ലോകം
  • തൂലിക

Advertisement

Contact Form

Name

Email *

Message *

Powered by Blogger.
  • Home
  • About Us
  • Contact Us

Stay Updated

Subscribe your e-mail address and get to know about fresh stuff!

Healing Art

Designed by OddThemes | Distributed by Gooyaabi Templates